കാസർകോടിന്റെ ദാഹം മാറുന്നു; യാഥാർഥ്യമാകുന്നത് 113.3 കോടിയുടെ ജല സംരക്ഷണ പദ്ധതികൾ
text_fieldsകാസർകോട്: ജില്ലയുടെ കാര്‍ഷിക മേഖലക്ക് ആശ്വാസമായി പുഴകളുടെ പുനരുജ്ജീവന പദ്ധതികളും റബര്‍ ചെക്ഡാം നിർമാണവും ഉൾപ്പെടെ കാസര്‍കോട് വികസന പാക്കേജില്‍ 46 ബൃഹത് പദ്ധതികൾ ജനുവരി 30ന് ആരംഭിക്കും. 14 പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 32 പദ്ധതികളുടെ നിർമാണം ആരംഭിക്കും. ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് യാഥാർഥ്യമാവുന്നത്.
രണ്ടു വർഷമായി ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യസുരക്ഷയിലൂടെ സാമ്പത്തിക സുരക്ഷ, സാമ്പത്തിക സുരക്ഷയിലൂടെ സാമൂഹിക സുരക്ഷ എന്ന ലക്ഷ്യത്തോടെ ജില്ല ഭരണ സംവിധാനം നടപ്പാക്കി വരുന്ന സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുടെ ഭാഗമായാണ് ജലസുരക്ഷ പദ്ധതികൾ യാഥാർഥ്യമാക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
രാജ്യത്ത് ഭൂജല ശോഷണത്തിൽ റെഡ് ലിസ്റ്റിലുള്ള കാസർകോട്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിൽ രണ്ടുവർഷത്തിനകം ഭൂജല നിരപ്പ് വർധിപ്പിക്കാൻ പദ്ധതി വഴി സാധിച്ചു. വേനൽകാലത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപയുടെ കുടിവെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്യുന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. ദക്ഷിണേന്ത്യയുടെ ബാംബു ക്യാപിറ്റൽ എന്ന ലക്ഷ്യത്തോടെ മൂന്നു ലക്ഷം മുളംതൈകൾ നട്ടു പരിപാലിക്കുന്നതും മണ്ണ്-ജല സംരക്ഷണത്തിനായി ജനകീയമായി നടത്തിയ തടയണ ഉത്സവവും വിജയകരമായി.
14 ജലസംരക്ഷണ പദ്ധതികൾ
60 ലക്ഷം രൂപ മുതല്‍മുടക്കി നിർമിച്ച കാറഡുക്ക മുച്ചിലോട്ട് വി.സി.ബി, 75 ലക്ഷം രൂപ ചെലവഴിച്ച വോര്‍ക്കാടി പൊയ്യ നെക്കള വി.സി.ബി, 55 ലക്ഷം രൂപ മുതല്‍മുടക്കി പണി പൂര്‍ത്തീകരിച്ച ബെള്ളൂര്‍ മട്ടിക്കേരി പെരുവത്തൊടി വി.സി.ബി, 99.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മഞ്ചേശ്വരം പാപ്പില-മച്ചംപാടി വി.സി.ബി, ഒരു കോടി രൂപ മുതല്‍മുടക്കി പണി പൂര്‍ത്തീകരിച്ച മുളിയാര്‍ കല്ലുംകണ്ടം വി.സി.ബി, പാണത്തൂര്‍ പുഴക്ക് കുറുകെ കള്ളാര്‍ പൂക്കയം ചെക്ക് ഡാം, 80 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച പൈവളിഗെ നൂതിലാ പയ്യാര്കൊടി വി.സി.ബി, 99 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്വര്‍ണഗിരി തോട്-മംഗല്പാടി വയല്‍ വി.സി.ബി, 99.90 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച ഉദുമ കണ്ണംകുളം വി.സി.ബി, 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ചിറാക്കല്‍-കരിമ്പിന്‍ചിറ വി.സി.ബി, 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മടിക്കൈ പൂങ്കാംകുതിര്‍ വി.സി.ബി, രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കൊക്കോട് വി.സി.ബി, 51 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുറ്റിക്കോല്‍ ഉന്തത്തടുക്കം വി.സി.ബി, 50 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തിമിരി പാലത്തേര വി.സി.ബി എന്നിവയാണ് ഉദ്ഘാടനത്തിന് സജ്ജമായത്.
പുഴ പുനരുജ്ജീവന പദ്ധതി
ജലസംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ പുഴകളുടെ പുനരുജ്ജീവനവും കാസര്‍കോട് വികസന പാക്കേജിലൂടെ ലക്ഷ്യമിടുന്നു. അഞ്ചു കോടി രൂപ കണക്കാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പുഴകളുടെ പുനരുജ്ജീവന പദ്ധതികളാണ് ആരംഭിക്കുന്നത്. 66.53 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം സുറുമ തോട്, 2.21 കോടി രൂപ ചെലവില്‍ ശ്രീമല ബേത്തലം മാലാംകടപ്പ് തോട്, 89.4 ലക്ഷം രൂപ ചെലവില്‍ കല്മാടി തോട്, 1.10 കോടി രൂപ ചെലവില്‍ മാനൂരിചാല്, 86.5 ലക്ഷം രൂപ ചെലവില്‍ പനയ്ക്കല്‍ പുഴ തോട് എന്നിവയുടെ പുനരുജ്ജീവന പദ്ധതികളാണ് 30ന് തുടങ്ങുക.
റബര്‍ ചെക് ഡാം നിർമാണം
ജലശേഖരണത്തിനുള്ള ചെക് ഡാമുകളില്‍ നൂതന മാര്‍ഗമായ റബര്‍ ചെക് ഡാമുകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് വികസന പാക്കേജിെൻറ ഭാഗമായി പുരോഗമിക്കുകയാണ്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് റബര്‍ ചെക് ഡാമുകള്‍ നിർമിക്കുന്നത്. 62 ലക്ഷം രൂപ ചെലവില്‍ മധുവാഹിനി പുഴക്ക് കുറുകെ ഷിരിബാഗിലു മട്ടത്തൂര്‍ റബര്‍ ചെക് ഡാം, മാനടുക്കം എരിഞ്ഞിലം തോടിന് കുറുകെ തിമ്മഞ്ചാല്‍ (48 ലക്ഷം), ആലന്തട്ട നപ്പച്ചാല് റോഡിന് കുറുകെ കാവുംചിറ പോത്തോടനില് കക്കൂറ വയല്‍ (26.8 ലക്ഷം), മാണിയാട്ട് തോടിനു കുറുകെ കാലിക്കടവ് (26 ലക്ഷം), മഞ്ചേശ്വരം പുഴക്ക് കുറുകെ പാമ്പന്കുഴി (80 ലക്ഷം) എന്നീ പദ്ധതികളാണ് തയാറായിരിക്കുന്നത്.
കാര്‍ഷിക, സാമൂഹിക മേഖലകളില്‍ നേട്ടം
ജില്ലയില്‍ 12 നദികളുണ്ടെങ്കിലും വേനല്‍കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന വിവിധ മേഖലകളില്‍ ആശ്വാസം നല്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, സാമൂഹിക മേഖലകളിലും വലിയ മാറ്റങ്ങളുണ്ടാകും. വര്‍ഷകാലത്ത് ജലസമൃദ്ധമാകുന്ന 12 നദികളിലെയും തോടുകളിലെയും ജലം കെട്ടിനിര്‍ത്തി ശേഖരിക്കുന്നതോടെ വേനലില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കാനാകും. വേനലില്‍ വറ്റുന്ന കുളങ്ങള്‍, കിണറുകള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവയുടെ വീണ്ടെടുപ്പും പദ്ധതികളിലൂടെ സാധ്യമാകും.
വേനലില്‍ വരണ്ടുകിടക്കുന്ന വയലുകളിലും തോട്ടങ്ങളിലും പച്ചപ്പ് നിറയും. ട്രാക്ടര്വേയോട് കൂടിയ വി.സി.ബികള്‍ ഗതാഗത സൗകര്യമൊരുക്കി രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാനും അതുവഴി കാര്‍ഷിക കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.