കാസര്‍കോട് ജില്ലക്കാര്‍ക്ക് തൊഴിലിന് ദിവസവും കർണാടകയിൽ പോകാം
text_fieldsകാസർകോട്: തൊഴില്‍ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് ദിവസേന പോയിവരുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍, പാസ് എന്നിവ ആവശ്യമില്ലെന്ന് ജില്ല കലക്ടര്‍
ഡോ.ഡി. സജിത് ബാബു അറിയിച്ചു. കോവിഡ് കോര്‍ കമ്മിറ്റി ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. കര്‍ണാടകയില്‍ സ്ഥിരമായി താമസിക്കുകയും കാസര്‍കോട് ജില്ലയില്‍ ദിവസവും വന്നുപോവുകയും ചെയ്യുന്നവര്‍ 21 ദിവസത്തില്‍ ഒരുതവണ വീതം കോവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ ആൻറിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇവര്‍ക്ക് ജാല്‍സൂര്‍, പെര്‍ള, പാണത്തൂര്‍, മാണിമൂല, ബന്തടുക്ക എന്നീ റോഡുകള്‍ വഴി ജില്ലയിലേക്കും തിരികെ കര്‍ണാടകയിലേക്കും യാത്ര ചെയ്യാം. ചരക്കു വാഹനങ്ങൾക്കടക്കം ഈ റോഡുകളില്‍ ഗതാഗതത്തിന് നിയന്ത്രണമില്ല.
ഇതര സംസ്ഥാനങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് കാസര്‍കോട് ജില്ലയില്‍ താമസത്തിനായി വരുമ്പോള്‍ പാസ് ആവശ്യമില്ലെന്നും കോവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും ആൻറിജന്‍ പരിശോധന റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്താല്‍ മതിയാകുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറയും ഐ.സി.എം.ആറിെൻറയും മാര്‍ഗനിർദേശ പ്രകാരമുള്ള 14 ദിവസം ക്വാറൻറീന്‍ അനിവാര്യമാണ്. കോവിഡ് ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദേശീയപാത 66 കൂടാതെ ജില്ലയില്‍ തുറന്ന നാല് റോഡുകള്‍ വഴിയും പോയിവരാമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക് നാല് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിെൻറ നിർദേശങ്ങള്‍ കൂടി ലഭ്യമായ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. അടിയന്തര സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങിവരുന്നവര്‍ക്കും ക്വാറൻറീന്‍ ആവശ്യമില്ല. അതിര്‍ത്തി പഞ്ചായത്തുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത പഞ്ചായത്തിലേക്ക് യാത്ര ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കേരളത്തിെലയും കര്‍ണാടകത്തിലെയും അതിര്‍ത്തി പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് കോര്‍ കമ്മിറ്റി യോഗം നിർദേശിച്ചു.
യോഗത്തില്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം എന്‍. ദേവീദാസ്, ഡി.എം.ഒ ഡോ.എ.വി. രാംദാസ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ കോര്‍കമ്മിറ്റി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.