സ്ഥാനാർഥി നിർണയത്തെ വിമർശിച്ച് ലീഗ് നേതാവ്; ഷാഹിനക്കും കിട്ടി വമ്പൻ 'പാര'
text_fieldsകാസർകോട്: മുസ്ലിംലീഗ് ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി നിർണയത്തെ പരോക്ഷമായി വിമർശിച്ച് ലീഗ് നേതാവ്. മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. മുഹമ്മദ് കുഞ്ഞിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ലീഗ് കേന്ദ്രങ്ങളിൽ വൈറലായത്.
''പണം എനിക്ക് സമ്പത്തിെൻറ ഭാഗമല്ല. 'സുഹൃത്തുക്കൾ' എനിക്ക് സമ്പത്തിെൻറ പ്രധാന ഘടകമാണ്. പണമില്ലാത്തതിനാൽ ഇതുവരെ എനിക്ക് ഒരു കുറവും വന്നിട്ടില്ലായിരുന്നു. എന്നാൽ 'പണമില്ലാത്തത്' ഇപ്പോൾ എനിക്ക് വിനയായി. ഇല്ലാത്തവനെ കുറിച്ചുള്ള ഇല്ലാത്തരങ്ങളും ചർച്ചക്ക് വിധേയമായി. കുടുംബമേ മാപ്പ്!'' എന്ന പോസ്റ്റാണ് വൈറലായത്.
എൻഡോസൾഫാൻ വിരുദ്ധ സമരത്തിനു തുടക്കമിട്ട് പുഞ്ചിരി ക്ലബിെൻറ സാരഥി കൂടിയായ മുഹമ്മദ് കുഞ്ഞി ഇത്തവണ ജില്ല പഞ്ചായത്ത് ചെങ്കള ഡിവിഷൻ അല്ലെങ്കിൽ ദേലംപാടി ഡിവിഷൻ എന്നിവയിലേതിലെങ്കിലും സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു. മുഹമ്മദ് കുഞ്ഞിയെ ദേലംപാടിയിലേക്ക് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി നിർദേശിച്ചു. പിന്നാലെ ഉദുമ മണ്ഡലം കമ്മിറ്റിയും ശിപാർശ ചെയ്തു. എന്നാൽ പട്ടിക നിരന്നപ്പോൾ യൂത്ത് ലീഗ് നേതാവ് ടി.ഡി. കബീറിന് ചെങ്കളയും മഞ്ചേശ്വരം മുൻ എം.എൽ.എ അന്തരിച്ച പി.ബി. അബ്ദുറസാഖിെൻറ മകൻ പി.ബി. ഷഫീഖിനു ദേലംപാടിയും നൽകി. ഷഫീഖ് ലീഗ് നേതൃത്വത്തിൽപോലും കയറിയിട്ടില്ല എന്നാണ് കെ.ബി. മുഹമ്മദ് കുഞ്ഞിയെ അനുകൂലിക്കുന്നവർ പറയുന്നത്.
കെ.സി. വേണുേഗാപാൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറായിരിക്കെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു മുഹമ്മദ് കുഞ്ഞി. കെ.എം. ഷാജി, കെ.ടി. ജലീൽ എന്നിവർക്കൊപ്പം പ്രവർത്തിച്ചയാളാണ് അദ്ദേഹം. പണക്കാരനല്ലാത്തതിെൻറ പേരിൽ തഴയപ്പെടുന്നുവെന്നാണ് പോസ്റ്റിെൻറ സന്ദേശം. എന്നാൽ മുഹമ്മദ് കുഞ്ഞി ഇത് നിഷേധിച്ചു.
ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ഷാഹിന സലിമിനും കിട്ടി നേതൃത്വത്തിെൻറ പാര. മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ ലീഗ് അണികളിൽ സ്ഥാനം നേടിയ ഷാഹിന അടുത്ത ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി കൂടിയാണ്. എന്നാൽ നൽകിയത് കഴിഞ്ഞതവണ തോറ്റ ഡിവിഷനായ എടനീർ ആണ്. വനിതാ സംവരണമായ കാസർകോട് ബ്ലോക്ക് പ്രസിഡൻറ് സ്ഥാനത്തേക്കും പരിഗണിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെ ചെങ്കള മേഖലയിലെ ലീഗ് നേതാക്കളുടെ എതിർപ്പ് ഏറെ ക്ഷണിച്ചുവരുത്തിയ ഷാഹിനക്ക് വമ്പൻ പാരയാണ് നേതാക്കൾ പണിതത്- ''എടനീർ ജയിച്ചുവാ പ്രസിഡൻറാവാം'' എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.