യന്ത്രങ്ങൾ നശിക്കുന്നു; എന്തിനീ മൗനം?
text_fieldsകാസർകോട്: മാതൃകാപരമായി പ്രവർത്തിച്ച ഒരു പൊതുമേഖല സ്ഥാപനം നശിക്കുേമ്പാൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടരുന്ന മൗനത്തിലാണ് ദുരൂഹത. ഇരു സർക്കാറുകളും വിചാരിച്ചാൽ മണിക്കൂറുകൾക്കകം തീർക്കാവുന്ന പ്രശ്നമേ ഭെൽ ഇ.എം.എൽ കമ്പനിയെ സംബന്ധിച്ചുള്ളൂ. 51 ശതമാനം ഒാഹരികൾ സ്വന്തമാക്കിയെങ്കിലും തിരിച്ച് കേരളത്തിനുതന്നെ കൈമാറാൻ ഭെൽ തീരുമാനമെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടു.
സംസ്ഥാനം അത് ഒരുരൂപക്ക് തിരിച്ചുവാങ്ങാൻ തീരുമാനിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. പിന്നെ ആർക്കാണിതിൽ പ്രശ്നം. എന്താണ് തുടർ നടപടികളൊന്നുമുണ്ടാകാത്തത്. കേന്ദ്ര മന്ത്രി, സംസ്ഥാന ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവരെ തൊഴിലാളി പ്രതിനിധികൾ പലതവണ പോയി കണ്ടു. ജനപ്രതിനിധികൾക്കൊപ്പമാണ് കാണുന്നത്. 'ശരിയാക്കാ'മെന്ന പതിവ് മറുപടിയാണ് എന്നും ലഭിക്കുന്നത്. ഒന്നും ചെയ്യാതായപ്പോൾ കോടതിയിൽ അഭയം തേടുന്നു. കേസുകൾ നീണ്ടുപോകുന്നു.
മൂന്നു മാസത്തിനകം തീർപ്പാക്കണമെന്ന വിധി കഴിഞ്ഞ ഒക്ടോബറിൽ വന്നു. വിധി നടപ്പാകാതെ വന്നപ്പോൾ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും തൊഴിലാളികൾ കോടതിയെ സമീപിക്കുന്നു. അങ്ങനെ നിയമ യുദ്ധം ഒരുഭാഗത്ത്. രണ്ടു വർഷത്തിലധികമായി കൂലിയും വേലയുമില്ലാതെ പട്ടിണിയിലായ തൊഴിലാളികളാണ് ലക്ഷങ്ങൾ മുടക്കി നിയമയുദ്ധം നടത്തുന്നതെന്നുകൂടി മനസ്സിലാക്കണം.
കാടുകയറി പ്ലാൻറ്
നഷ്ടത്തിലായിട്ടല്ല ഇൗ കമ്പനി അടച്ചിട്ടത്. കഴിഞ്ഞവർഷം മാർച്ചിൽ ലോക്ഡൗണിെൻറ മറവിൽ താൽക്കാലികമായി അടച്ചതാണ്. ആ സമയത്തുപോലും 30 കോടിയുടെ ജോലി കരാർ ഉണ്ടായിരുന്നതായി തൊഴിലാളികൾ പറയുന്നു. കോവിഡും ലോക്ഡൗണും അടച്ചിടാനുള്ള തന്ത്രമായാണ് കമ്പനി അധികൃതർ കണ്ടത്. 12 ഏക്കറിലെ കമ്പനി കാടുകയറിയിരിക്കുകയാണിപ്പോൾ. യന്ത്രങ്ങൾ തുരുമ്പുകയറി നശിക്കുന്നു. തിരിഞ്ഞുനോക്കാൻ ഒരാളുമില്ല. ഇതുവരെ ക്ലീനിങ് പോലും നടത്തിയിട്ടില്ല. കാവൽക്കാരനായി സെക്യൂരിറ്റി ഗാർഡുണ്ട്. നൂറുകണക്കിന് കുടുംബങ്ങളുടെ പട്ടിണി മാറ്റിയ സ്ഥാപനമാണ് ഉരുകിയില്ലാതാവുന്നത്.
ഉത്തരമില്ലാത്ത ചോദ്യങ്ങൾ
12 ഏക്കറിലെ കമ്പനിക്ക് ഭെൽ വിലയിട്ടത് പത്തരക്കോടിയാണ്. എന്തടിസ്ഥാനത്തിലാണ് ഇൗ വിലയിട്ടതെന്ന് ഇന്നും ആർക്കുമറിയില്ല. അങ്കമാലി ടെൽക്കും കോഴിക്കോട് സ്റ്റീൽ കോംപ്ലക്സും കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുമായി സംയോജിപ്പിക്കുേമ്പാൾ 50 ശതമാനം ഒാഹരികളാണ് കേന്ദ്രത്തിനു നൽകിയത്. കാസർകോട് കെല്ലിേൻറത് മാത്രം 51 ശതമാനമാക്കിയത് ആരുടെ താൽപര്യമായിരുന്നു.
ഇതുവഴി ഏഴംഗ ഡയറക്ടർ ബോർഡിൽ ചെയർമാനും എം.ഡിയും ഉൾപ്പെടെ ആറുപേരും ഭെല്ലിൽനിന്നായി. കാലങ്ങളായി കെൽ നടത്തിയിരുന്ന മാനേജ്മെൻറ് ഏറക്കുറെ ഒൗട്ടായി. ഇതോടെ, കമ്പനി നടത്തിപ്പ് തോന്നുംപടിയായി.
നോക്കാനും പറയാനും ആളില്ലാതായപ്പോൾ ഉൽപാദനം മെല്ലെ താഴ്ന്നു. ഭെൽ ഏറ്റെടുക്കുന്നതോടെ ജീവനക്കാർക്ക് മഹാഭാഗ്യം വരുന്നുണ്ടെന്നായിരുന്നു പ്രചാരണം. അന്നത്തെ ഭരണപക്ഷമായതിനാൽ സി.െഎ.ടി.യു യൂനിയനെ തെറ്റിദ്ധരിപ്പിച്ചത് അങ്ങനെയാണ്.
കേന്ദ്രത്തിെൻറ കോർട്ടിലാണ് കാര്യങ്ങൾ എന്നതിനാൽ ബി.എം.എസും ഏറക്കുറെ മൗനത്തിലായി. കമ്പനിക്ക് താഴിട്ടതോടെയാണ് യൂനിയനുകൾക്ക് കാര്യം പിടികിട്ടിയത്. കാസർകോട് ഒപ്പുമരച്ചുവട്ടിൽ നൂറുദിവസമായി സർവകക്ഷി യൂനിയൻ പ്രതിനിധികൾ സത്യഗ്രഹ സമരത്തിലാണ്.
കേരളത്തിെൻറ റോൾ
ഭെൽ 51 ശതമാനം ഒാഹരി കൈയടക്കിയെന്നതുകൊണ്ടുമാത്രം കേരള സർക്കാറിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാവുമോ. 49 ശതമാനം ഒാഹരിയും ഡയറക്ടർ ബോർഡിൽ ഒരംഗവും സംസ്ഥാനത്തിനുണ്ട്. ഡയറക്ടർ ആണെന്ന കാര്യം വ്യവസായ വകുപ്പ് അഡീഷനൽ സെക്രട്ടറി മറന്ന മട്ടാണ്. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾ അടച്ചിട്ടാൽ കേരളം ഇങ്ങനെയാണോ സാധാരണ പെരുമാറുക.
എത്രതവണ കേന്ദ്രത്തിന് കെത്തഴുതും. ഒരു കാര്യം ഉറപ്പാണ്, കെൽ നശിപ്പിക്കുന്നതിൽ ഭെല്ലിനുണ്ടായ അതേ റോൾ കേരളത്തിനുമുണ്ട്. അതാണ് കുറ്റകരമായ മൗനം തെളിയിക്കുന്നത്.
പ്രതീക്ഷ കോടതിയിൽ
മൂന്നുമാസത്തിനകം പ്രശ്നം തീർപ്പാക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ഇനി പ്രതീക്ഷ. ഏപ്രിൽ ആദ്യവാരത്തിൽ വന്ന വിധിയിൽ പറയുന്നത്, മേയ് 31നകം തീർപ്പായില്ലെങ്കിൽ കേന്ദ്ര വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാവണമെന്നാണ്.
ഇതിലെങ്കിലും എന്തെങ്കിലും വിധി വരുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. തൊഴിലാളികളുടെ മാത്രം പ്രശ്നമായി കാണാതെ കാസർകോടിെൻറ മൊത്തം പ്രശ്നമായി കണ്ടെങ്കിലേ കമ്പനി വീണ്ടും തുറക്കുകയുള്ളൂ. അല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് യാത്ര തുടങ്ങാനുള്ള ഒരിടമായി മാത്രം ജില്ലയെ കണ്ടാൽ മികച്ച പൊതുമേഖല സ്ഥാപനം ചരിത്രമാകും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.