മഞ്ചേശ്വരം തുറമുഖം യാഥാർഥ്യമാവുന്നു
text_fieldsകാസര്‍കോട്: ജില്ലയിലെ മത്സ്യബന്ധന മേഖലക്ക് ഉത്തേജനം പകര്‍ന്ന് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ഥ്യമാവുന്നു. കോയിപ്പാടി, ഷിറിയ, ബങ്കര, മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്താക്കളാവുകയെന്ന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് കാസര്‍കോട് ഡിവിഷനല്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എ. മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.
തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനും പദ്ധതി സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
48.80 കോടി രൂപയുടെ പദ്ധതി
മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായി ഇതുവരെ 45.71 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
പുണെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആൻഡ് പവര്‍ റിസര്‍ച് സ്റ്റേഷന് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് തുറമുഖം രൂപകൽപന ചെയ്തിരിക്കുന്നത്. മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ട ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്.
സൗകര്യങ്ങള്‍ നിരവധി
മത്സ്യബന്ധന യാനങ്ങള്‍ കരക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റര്‍, 530 മീറ്റര്‍ നീളത്തില്‍ പൊഴിയുടെ തെക്കും വടക്കുമായി രണ്ടു പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസോടി ഭാഗത്താണ്. യന്ത്രവത്കൃത ബോട്ടുകള്‍ക്കായി 80 മീറ്ററും ചെറുവള്ളങ്ങള്‍ അടുപ്പിക്കുന്നതിന് 20 മീറ്ററുമുള്‍പ്പെടെ 100 മീറ്ററിലുള്ള വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാർക്കിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെൻറിങ് ഷെഡ്, വര്‍ക്ഷോപ്, ഷോപ് ബില്‍ഡിങ്, റെസ്റ്റ് ഷെഡ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗേറ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ജില്ലയില്‍ നിലവില്‍ രണ്ടു മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഇതില്‍ മഞ്ചേശ്വരം തുറമുഖം പൂര്‍ത്തീകരിക്കുകയും കാസര്‍കോട് മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പുലിമുട്ടിെൻറ നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു.
ഉദ്ഘാടനം ഒന്നിന്
മഞ്ചേശ്വരം തുറമുഖം ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.