എൻഡോസൾഫാൻ ഇരയെ ഒഴിപ്പിക്കാൻ നീക്കം; കലക്ടറോട് വിശദീകരണം തേടി
text_fieldsകാസർകോട്: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് എൻഡോസൾഫാൻ ഇരകൾക്കായി നിർമിച്ച വീടുകളിലൊന്ന് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ ശ്രീനിഷക്ക് കൈമാറിയതിനെതിരെ കുടിയൊഴിപ്പിക്കൽ നോട്ടീസ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ജില്ല കലക്ടർ വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കാസർകോട് ജില്ല കലക്ടർ ഇക്കാര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പെരിയ പഞ്ചായത്തിലെ പുല്ലൂരിലെ സർക്കാർ ഭൂമിയിൽ സായിഗ്രാമം നിർമിച്ച 45 വീടുകളിൽ 22 വീടുകളുടെ താക്കോൽ ദാനം 2017ൽ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.
ബാക്കി 23 വീടുകൾ ഭരണകൂടത്തിെൻറ അനാസ്ഥ കാരണം ആർക്കും കൈമാറിയിട്ടില്ല. ഇതിൽ ഒരു വീടാണ് ശ്രീനിഷക്ക് നൽകാൻ പഞ്ചായത്തും ട്രസ്റ്റും ചേർന്ന് തീരുമാനിച്ചത്.
ശ്രീനിഷയുടെ അമ്മ രോഗിയും അച്ഛൻ കൂലിപ്പണിക്കാരനുമാണ്. അനർഹർക്ക് വീട് നൽകാനാവില്ലെന്ന കാരണം പറഞ്ഞാണ് ശ്രീനിഷയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കാൻ കലക്ടർ ഉത്തരവിട്ടത്. ഇവിടെ വീട് അനുവദിക്കാനായി പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിൽ ശ്രീനിഷയുടെ പേരുണ്ട്.
2017ൽ നടന്ന എൻഡോസൾഫാൻ ക്യാമ്പിൽ 75096 എന്ന ഒ.പി നമ്പറിൽ ശ്രീനിഷയുടെ പേരുണ്ട്. രണ്ട് വർഷമായി ഇവർക്ക് പെൻഷനും കിട്ടുന്നുണ്ട്. ഇത് പ്രഥമദൃഷ്ട്യാ കഴമ്പുള്ള പരാതിയാണെന്ന് കമീഷൻ വിലയിരുത്തി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.