അഴീക്കലിൽ കടലേറ്റം ശക്തമായി; തീരദേശ റോഡ് വഴിയുള്ള ഗതാഗതവും കാൽനടയും തടസ്സപ്പെട്ടു
text_fieldsഅഴീക്കോട്: അഴീക്കൽ തീരത്ത് കടലേറ്റം രൂക്ഷം. ദിവസങ്ങളായി ശക്തമായ തിരമാല കരയിലേക്ക് അടിച്ചുകയറുകയാണ്. കടലേറ്റത്തെ തുടർന്ന് തീരദേശവാസികൾ ആശങ്കയിലാണ്. കടൽഭിത്തി ഭേദിച്ച് തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നതിനാൽ തീരദേശ റോഡ് വഴിയുള്ള വാഹന ഗതാഗതവും കാൽ നടയും തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷകാലത്തും കടലും പുഴയും കൂടിച്ചേരുന്ന അഴിമുഖത്ത് തിരയിളക്കം രൂക്ഷമായിരുന്നു. ഇത്തവണ പുലിമുട്ട് കെട്ടാൻ നിർമിച്ച കരിങ്കൽ തൂക്കൽ യന്ത്രത്തിനടുത്താണ് കടലേറ്റവും തിരയിളക്കവും രൂക്ഷമായിട്ടുള്ളത്. കടലേറ്റത്തെത്തുടർന്ന് ഇതിനു സമീപം താമസിക്കുന്നവരുടെ വീട്ടുപറമ്പുകളിൽ കടൽവെള്ളം അടിച്ചുകയറുകയാണ്. അഴീക്കൽ ഭാഗത്തും മാട്ടൂലിനും ഇടയിൽ കടലിലേക്ക് വർഷങ്ങൾക്കുമുമ്പ് കരിങ്കൽ പുലിമുട്ട് നിർമിച്ചിരുന്നു.
ഈ പുലിമുട്ട് ഭാഗത്ത് കടലിൽ സമ്മർദമുണ്ടായാണ് തിരയിളക്കമുണ്ടാകുന്നത്. മാട്ടൂൽ ഭാഗത്ത് കടൽഭിത്തിക്ക് മുകളിൽ മൂന്ന് മീറ്റർ ഉയരത്തിൽ ഇരട്ടി ഭിത്തി പുലിമുട്ടിനോടൊപ്പം നിർമിച്ചിരുന്നു. ഇതേ രീതിയിലുള്ള നിർമാണം അഴീക്കൽ ഭാഗത്തും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.