തെരഞ്ഞെടുപ്പ്: കാസർകോട് പഴുതടച്ച സുരക്ഷ
text_fieldsകാസർകോട്: പോളിങ് ദിനത്തിൽ ജില്ലയിൽ വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജില്ല പൊലീസ്. ജില്ലയെ എട്ട് പൊലീസ് സബ് ഡിവിഷനുകളാക്കി ഓരോന്നിെൻറയും ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് നൽകി. സബ് ഡിവിഷൻ, ബ്രാക്കറ്റിൽ സ്റ്റേഷൻ എന്ന ക്രമത്തിൽ: കുമ്പള (മഞ്ചേശ്വരം, കുമ്പള), കാസർകോട് (കാസർകോട്, മേൽപറമ്പ), ബദിയഡുക്ക (വിദ്യാനഗർ, ബദിയഡുക്ക), ആദൂർ (ആദൂർ, ബേഡകം), ബേക്കൽ (ബേക്കൽ, അമ്പലത്തറ), ഹോസ്ദുർഗ് (ഹോസ്ദുർഗ്, നീലേശ്വരം), ചന്തേര (ചന്തേര, ചീമേനി), രാജപുരം (വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം).
എസ്.ഐ/എ.എസ്.ഐമാരുടെ നേതൃത്വത്തിൽ 76 ഗ്രൂപ് പട്രോളിങ് ഞായറാഴ്ച രാവിലെ ആരംഭിക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും രണ്ടുവീതം മൊത്തം 34 ലോ ആൻഡ് ഓർഡർ പേട്രാളും എസ്.ഐമാരുടെ നേതൃത്വത്തിൽ ഏർപ്പെടുത്തി. ജില്ലയിലെ 17 പൊലീസ് സ്റ്റേഷനുകളിലും അക്രമസംഭവങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ ഓരോന്നുവീതം സ്ട്രൈക്കിങ് ടീമിനെയും നിയോഗിച്ചു. എട്ട് സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പിമാരുടെ കീഴിൽ ഓരോ സ്ട്രൈക്കിങ് ടീമിനെയും ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവിക്ക് കീഴിൽ ജില്ലയിൽ മൂന്ന് സ്ട്രൈക്കിങ് ടീമിനെയും സംസ്ഥാന പൊലീസ് മേധാവി, എ.ഡി.ജി.പി (ക്രമസമാധാനം), ഉത്തരമേഖല ഐ.ജി.പി, കണ്ണൂർ റേഞ്ച് ഡി.ഐ.ജി എന്നിവരുടെ കീഴിൽ ഓരോ സ്ട്രൈക്കിങ് ടീമിനെയും ഏർപ്പെടുത്തി.
18 ജില്ല അതിർത്തികളിൽ വാഹന പരിശോധനക്കും മറ്റുമായി ബോർഡർ സീലിങ് ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള 50ഓളം സ്ഥലങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചു.
1,409 പോളിങ് ബൂത്തുകളിലും പൊലീസ്/സ്പെഷൽ പൊലീസ് ഓഫിസർമാരെയും പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെയും നിയോഗിച്ചു. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന ജില്ലയിലെ ഒമ്പത് സ്ഥലങ്ങളിലും സായുധ പൊലീസ് ഗാർഡ് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ഓഫിസർമാരടക്കം മൊത്തം 2,421 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
പൊലീസ് സംവിധാനം നിയന്ത്രിക്കുന്നതിന് ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരീഷ്ചന്ദ്ര നായിക്കിെൻറ കീഴിൽ ജില്ല പൊലീസ് ഓഫിസിൽ കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടോ മറ്റുക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടായാൽ കൺേട്രാൾ റൂമിലെ നമ്പറായ 04994-257371, 9497980941ലോ അതത് പ്രദേശത്തെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെയോ വിളിച്ചറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.