നഗരസഭാംഗമായി കാൽ നൂറ്റാണ്ട്; നഗരമാതാവ് ബീഫാത്തിമ പടിയിറങ്ങി
text_fieldsകാസർകോട്: തുടർച്ചയായി 25 വർഷങ്ങളിൽ രണ്ടുതവണ നഗരമാതാവ്, മൂന്ന് തവണ നഗരസഭാംഗം. കാസർകോട് നഗരസഭ 15ാം വാർഡായ കൊല്ലമ്പാടിയുടെ ജനപ്രതിനിധി ബീഫാത്തിമ ഇബ്രാഹിം തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് ഇത്തവണ നഗര മാതാവിെൻറ കസേര വിട്ടിറങ്ങിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് മുസ്ലിം ലീഗ് ഇത്തവണ തീരുമാനമെടുക്കുമ്പോഴേക്കും ബീഫാത്തിമ തുടർച്ചയായി അഞ്ചു തവണ മത്സരിച്ച് ജയിച്ചുകഴിഞ്ഞിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തെ പൂർണ മനസ്സോടെ പിന്തുണക്കുന്നതോടൊപ്പം അവർ ജയിച്ചുവന്ന് കാര്യങ്ങൾ പഠിക്കട്ടെയെന്നും ബീഫാത്തിമ പറഞ്ഞു. വനിത ലീഗ് ജില്ല ട്രഷററും തയ്യൽ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ദേശീയ കൗൺസിലംഗവുമായ ബീഫാത്തിമ തെരഞ്ഞെടുപ്പ് കളം വിട്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ടുതേടി മണ്ഡലങ്ങളിൽ സജീവമാണ്.
30ാം വയസ്സിൽ 1995ലാണ് എട്ടാം വാർഡിെൻറ പ്രതിനിധിയായി ബീഫാത്തിമ ഇബ്രാഹിം കാസർകോട് നഗരസഭ കൗൺസിലിലെത്തുന്നത്. പിന്നീടിങ്ങോട്ട് തുടർച്ചയായി നീണ്ട 25 വർഷക്കാലം നഗരസഭയിൽ ഈ 55കാരിയുണ്ട്. 2000ത്തിൽ ജനറൽ വാർഡിൽ മത്സരിച്ചും 2005ൽ എതിരില്ലാതെയുമാണ് ഈ ജൈത്രയാത്ര. 2005ലും 2015ലും ചെയർപേഴ്സെൻറ കസേരയിലുമെത്തി. ഓരോ തവണയും തെൻറ ഭൂരിപക്ഷം വർധിച്ചു കൊണ്ടേയിരുന്നപ്പോൾ ജനങ്ങൾക്ക് സേവനമെത്തിക്കുന്നതിൽ ഇവരും മത്സരിച്ചു. കാടും കുന്നും മലയുമായിരുന്ന ഒരു നഗരം ആധുനികമാകുന്നതിന് ചുക്കാൻ പിടിക്കുകയും സാക്ഷിയാവുകയും ചെയ്തതിെൻറ ഓർമകളുമേറെയുണ്ട്.
പാർട്ടിയുടെ സജീവ പ്രവർത്തകരായിരുന്നു രണ്ടു കുടുംബങ്ങളിലുമെന്നതിനാൽ വോട്ടു യാത്രക്ക് തടസ്സമേതുമുണ്ടായില്ല. 1995ൽ കൊല്ലമ്പാടി, ബെദിര, ചാല ഉൾപ്പെടെയുള്ള വലിയ വാർഡായിരുന്നു എട്ടാം വാർഡ്. വ്യക്തിഗത ആനുകൂല്യങ്ങളും മറ്റും വരുമ്പോൾ വാർഡിെൻറ വിവിധ പ്രദേശങ്ങളിൽ ലോഡുകണക്കിന് തൈകളും വിത്തുകളും വിതരണം ചെയ്യുമായിരുന്നു.
വിളവെടുത്താൽ അവർ തനിക്ക് കൊണ്ടുവന്നുതരും. ജനങ്ങൾ ഇപ്പോഴും തന്നെ മറന്നിട്ടില്ലെന്നതിനാൽ ഇത്തവണയും മത്സരിക്കണമെന്ന് വിവിധ വാർഡുകൾ ആവശ്യപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും ബീഫാത്തിമ പറയുന്നു. കുവൈത്തിൽ പ്രവാസിയായ എ.എച്ച്. ഇബ്രാഹിമാണ് ഭർത്താവ്. അഞ്ചു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.