നിരാഹാര സമരത്തിൽ മാറ്റമില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി
text_fieldsകാസർകോട്: ടാറ്റ കോവിഡ് ആശുപത്രി വെറുതെ തുറക്കണമെന്നല്ല, അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാൽ നിരാഹാര സമരം നടത്താനുള്ള തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനം പ്രതീക്ഷയോടെ കണ്ട തെക്കിൽ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈൻ സെൻററാക്കി മാറ്റാനാണ് ശ്രമം. ജില്ലയിൽ 4000ത്തോളം കിടക്കകളാണ് കോവിഡ് ഫസ്റ്റ് ലൈൻ സെൻററുകളിലായി സജ്ജമാക്കിയിരുന്നത്. ഇതുവരെയായി അത്രയും ഉപയോഗിക്കേണ്ടിവന്നില്ല. കോവിഡ് ബാധിതർ ഭൂരിപക്ഷവും വീടുകളിൽ ചികിത്സയിലാണ്. ഇപ്പോൾ 500ൽ താഴെ രോഗബാധിതരാണ് ആശുപത്രിയിൽ കിടക്കുന്നത്.
ഈ സാഹചര്യത്തിൽ ഒരു ഫസ്റ്റ് ലൈൻ സെൻറർകൂടി ആവശ്യമില്ല. തെക്കിൽ ആശുപത്രി ഇത്തരമൊരു സംവിധാനമാക്കി മാറ്റി ആളുകളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ നീക്കം. അതു സമ്മതിച്ചുകൊടുക്കാനാകില്ല.
അത്യാധുനിക സൗകര്യങ്ങളോടെ കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമായാലേ ജില്ല ആശുപത്രിയിൽ അതിഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരെ അങ്ങോട്ടേക്ക് മാറ്റാനും ജില്ല ആശുപത്രി പൂർവ സ്ഥിതിയിലാക്കാനുമാകൂ. അതിനാൽ നിരാഹാര സമരം നവംബർ ഒന്നിന് രാവിലെ 10 മുതൽ നേരത്തേ നിശ്ചയിച്ചതുപോലെ നടത്തുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.