വാടക കുടിശ്ശിക 35 ലക്ഷം; 22 കച്ചവട സ്ഥാപനങ്ങൾക്ക് പൂട്ട്
text_fieldsകാസർകോട്: കട വാടക കുടിശ്ശിക നൽകാത്ത കാസർകോട് നഗരസഭ കെട്ടിടങ്ങളിലെ നിരവധി സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചു. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയായതിനാൽ പലതവണ നോട്ടീസ് നൽകിയിട്ടും അടക്കാൻ തയാറാകാത്തതിനാലാണ് നഗരസഭ റവന്യൂ ഓഫിസർ റംസി ഇസ്മാഈലിെൻറ നേതൃത്വത്തിൽ നടപടിയെടുത്തത്. പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലായി 22 സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. 2020 ജനുവരിയിൽ കുടിശ്ശിക പിരിക്കാൻ റവന്യൂ വിഭാഗം ഇറങ്ങിയെങ്കിലും നടപടി നിർത്തിവെക്കേണ്ടിവന്നു.
പിന്നീട് നടപടി ശക്തമായതോടെ സ്ഥാപനം പൂട്ടാതിരിക്കാനായി തിരിച്ചടക്കാൻ ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ വാടക ഇനത്തിൽ 10 ലക്ഷം രൂപയോളം അടച്ചു. 35 ലക്ഷത്തോളം രൂപ വാടക ഇനത്തിൽ കിട്ടാനുള്ള നഗരസഭ സാമ്പത്തിക വർഷം അവസാനിക്കാറായതിനാലാണ് കുടിശ്ശിക പിരിവ് ഊർജിതമാക്കിയത്.
നികുതി ഇനത്തിലും ലക്ഷങ്ങളുടെ കുടിശ്ശിക നഗരസഭക്ക് ലഭിക്കാനുണ്ട്. 2020 ഡിസംബർ വരെ 78 ലക്ഷം രൂപയോളമാണ് ഈയിനത്തിലുള്ളത്. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾ പൂട്ടിക്കാൻ റവന്യൂ ഇൻസ്പെക്ടർ ഇൻ ചാർജ് കൃഷ്ണകുമാർ, ക്ലർക്കുമാരായ രാഗേഷ്, അജീഷ്, അശോകൻ, ഓഫിസ് അസിസ്റ്റൻറ് മധുസൂദനൻ എന്നിവരും റവന്യൂ ഓഫിസർക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.