ഉപ്പുവെള്ള ഭീഷണി; കേന്ദ്ര, സംസ്ഥാന പദ്ധതി ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ
text_fieldsനീലേശ്വരം: നീലേശ്വരം നഗരസഭയുടെ പ്രഥമ അടിയന്തര കൗൺസിൽ യോഗം ചേർന്നു. മുണ്ടേമ്മാട് ദ്വീപിലെയും നീലേശ്വരം നഗരത്തിെൻറ തീരപ്രദേശങ്ങളിലെയും ഉപ്പുവെള്ള ഭീഷണി പ്രധാന ചർച്ചയായി. നീലേശ്വരം പാലായി മുതൽ അഴിത്തല വരെയുള്ള 22 വാർഡുകളിലൂടെ കടന്നുപോകുന്ന തേജസ്വിനി, നീലേശ്വരം പുഴകളിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കവിഞ്ഞൊഴുകുന്നതിനാൽ പ്രദേശങ്ങളിലെ കുടിവെള്ളം ഉപയോഗശൂന്യമാകുന്നതിനും ഹെക്ടർകണക്കിന് കൃഷിസ്ഥലം നശിക്കുന്നതിനും ശാശ്വത പരിഹാരം വേണമെന്ന് മുഴുവൻ കൗൺസിലർമാരും ഏകസ്വരത്തിൽ ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി വിഷയം അവതരിപ്പിച്ചു. പ്രമേയം ഐകകണ്ഠ്യേനയാണ് കൗൺസിൽ പാസാക്കിയത്. പുഴഭിത്തി ഉയർത്തിക്കെട്ടുകയും തോടുകൾക്ക് ചെക്ഡാം നിർമിക്കുകയും ചെയ്ത് ഉപ്പുവെള്ളത്തിെൻറ കയറ്റം തടഞ്ഞ് കുടിവെള്ളവും കൃഷിയും സംരക്ഷിക്കണമെന്ന് ജലസേചന വകുപ്പിനോട് പ്രമേയം ആവശ്യപ്പെട്ടു.
പ്രതിപക്ഷാംഗമായ റഫീഖ് കോട്ടപ്പുറം, അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം കൈകാര്യം ചെയ്യണമെന്നാവശ്യപ്പെട്ടു. സി.പി.ഐയിലെ പി. ഭാർഗവിയും, തെൻറ വാർഡിലെ നാഗച്ചേരി ഭാഗങ്ങളിൽ കൃഷി നശിച്ചതായി പരാതിപ്പെട്ടു. കൗൺസിലർ എ. ബാലകൃഷ്ണൻ, ഉപ്പുവെള്ളം കയറുന്നത് തടയാൻ കണ്ടൽക്കാടുകൾ വ്യാപകമായി പുഴയോരത്ത് വെച്ചുപിടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പുറത്തെകൈ വാർഡ് കൗൺസിലർ എം. ഭരതൻ, സംസ്ഥാന -കേന്ദ്ര സർക്കാറിലടക്കം നിവേദനം നൽകി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. 27ാം വാർഡ് മെംബർ വിനു നിലാവ്, തീരദേശത്ത് മണലൂറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചു. ഉപ്പുവെള്ള കെടുതികൾക്ക് ശ്വാശ്വത പരിഹാരം കാണണമെന്നും പറഞ്ഞു.
കൗൺസിലർ അൻവർസാദും, പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. കൗൺസിലർ ടി.പി. ലത, പാലായി ഷട്ടർ കം ബ്രിഡ്ജ് കൊണ്ടല്ല വേലിയേറ്റം കൊണ്ടാണ് ഉപ്പുവെള്ളം കയറുന്നതെന്ന് സമർഥിച്ചു.
മുണ്ടേമ്മാട് ദ്വീപുൾപ്പെടുന്ന 18ാം വാർഡ് കൗൺസിലർ പി. സുഭാഷ്, രണ്ടാഴ്ചയായി ഉപ്പുവെള്ളം കയറിയ വീടുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് വിവരിച്ചു. കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, വി.വി. ശ്രീജ എന്നിവരും, ഉടൻ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു. ഉപ്പുവെള്ളം കയറി നശിച്ച തെങ്ങ് അടക്കമുള്ള കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിക്കണമെന്ന് കൗൺസിലർ എം.കെ. വിനയരാജും ടി.വി. ഷീബയും വി.വി. സതിയും ആവശ്യപ്പെട്ടു. ഉപ്പുവെള്ള പ്രശ്നത്തിന് കേന്ദ്ര- സംസ്ഥാന സർക്കാറുകളെ അറിയിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിയാണ് ആവശ്യമെന്നും വിദഗ്ധരെ ഉൾപ്പെടുത്തി നിവേദനം നൽകാനും യോഗത്തിൽ ധാരണയായി.
തെരു ശ്രീവത്സം റോഡ് വികസനത്തിന് കഴിഞ്ഞ പ്രളയകാലത്ത് എം. രാജഗോപാലൻ എം.എൽ.എ മുഖാന്തരം കിട്ടിയ 20 ലക്ഷത്തിെൻറ പദ്ധതിയിരിക്കേ അതിനുവേണ്ടി കഴിഞ്ഞ കൗൺസിൽ പാസാക്കിയ രണ്ടുലക്ഷം രൂപ എസ്. എസ് മലാമന്ദിരം റോഡിനായി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ഇ. ഷജീർ ആവശ്യപ്പെട്ടു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.