ജീവിതം ചോദ്യചിഹ്നമായി പന്തൽ, ഡക്കറേഷൻ തൊഴിലാളികൾ
text_fieldsകാഞ്ഞങ്ങാട്: ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാർച്ച് മാസം മുതൽ കഴിഞ്ഞ ഏഴ് മാസമായി കടുത്ത ദുരിതത്തിലാണ് സംസ്ഥാനത്തെ പന്തൽ, അലങ്കാര, വാടക സാധനങ്ങളുമായി ഉപജീവനം നടത്തുന്നവർ. നാട്ടിൽ എന്തുപരിപാടിയുണ്ടായാലും സ്റ്റേജ്, പന്തൽ, ഡക്കറേഷൻ എന്നിവക്കും മൈക്ക് സെറ്റിനും ഇവരെ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല.
വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവയും ഇവരില്ലാതെ നടക്കുമായിരുന്നില്ല. എന്നാൽ ലോക്ഡൗൺ മുതൽ നാട്ടിൽ പരിപാടികളൊന്നും നടക്കാതായതോടെയാണ് ഇവരുടെ ജീവിതം താളം തെറ്റിയത്. പട്ടിണിയിലായപ്പോൾ കൊറോണ വന്നോട്ടെയെന്ന് പോലും ചിന്തിച്ചുപോകുന്നതായി തൊഴിലാളികൾ പറഞ്ഞു.
ലോക്ഡൗണില്‍ ഇളവ് അനുവദിച്ചെങ്കിലും സ്റ്റേജ് പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവയൊന്നും നടക്കാത്തതും വിവാഹം പോലുള്ള ചടങ്ങുകള്‍ വീടുകളില്‍ ഒതുങ്ങിയതും ഈ മേഖലയെ കാര്യമായി തന്നെ ബാധിച്ചു. ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ലക്ഷങ്ങള്‍ ജോലിയില്ലാതെ പട്ടിണിയിലാണ്.
സര്‍ക്കാരിെൻറ കൈത്താങ്ങില്ലാതെ ഇനി ഉയരാനാവില്ലെന്നാണ് ഹയർഗുഡ് ഓണേഴ്സ് പറയുന്നത്. പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് ആൻറ് സൗണ്ട്, മറ്റു വാടക സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയടക്കം ചെറുതും വലുതുമായി 16,500 രജിസ്റ്റേര്‍ഡ് ഹയര്‍ സര്‍വീസ് സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയിൽ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ഏഴ്മാസംകൊണ്ട് കോടികളുടെ നഷ്ടമുണ്ടായി. ഓണത്തിെൻറ ഒരു ദിവസം മാത്രമുള്ള വരുമാനം ഉടമകളുടെയും തൊഴിലാളികളുടെയും ആശ്രയമായിരുന്നു.
എന്നാൽ ഇക്കുറി പേരിനുപോലും ഓണപരിപാടികളുണ്ടായില്ല. കാസർകോട് ജില്ലയിൽ മാത്രം ആറായിരത്തോളം തൊഴിലാളികളുണ്ട്. ഇതു കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ഓരോ സ്ഥാപനങ്ങളുടെയും ഗോഡൗണുകളില്‍ മാസങ്ങളായി കെട്ടിക്കിടക്കുകയാണ്. ഉപയോഗിക്കാതെ ഇവ സൂക്ഷിച്ചുവെക്കൽ ശ്രമകരമാണ്.
തുരുെമ്പടുത്ത് നശിച്ചുപോകുകയും ചെയ്യും. 2021ൽ തിരിച്ചടവ് തുടങ്ങുന്ന രീതിയിൽ നാല് ശതമാനം പലിശയിൽ അഞ്ച് ലക്ഷം രൂപയെങ്കിലും വായ്പ അനുവദിക്കുക, ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ ഓഡിറ്റോറിയങ്ങളിൽ 250 പേരെയെങ്കിലും അനുവദിച്ച് പരിപാടികൾ അനുവദിക്കുക, പ്രത്യേക സാമ്പത്തികക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർക്കും മുഴുവൻ എം.എൽ.എമാർക്കും എം.പി മാർക്കും നിവേദനം നൽകിയതായി ഹയർഗുഡ്സ് ഓണേഴ്സ് സംസ്ഥാന ഭാരവാഹികളായ ടി.വി. ബാലൻ കാസർകോട്, കെ.പി. അഹമ്മദ് കോയ കോഴിക്കോട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.