വീടുവെക്കാൻ നൽകിയത് ചതുപ്പ് ഭൂമി
text_fieldsതൃക്കരിപ്പൂർ: വീടുവെക്കാൻ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ചതുപ്പു ഭൂമി കൈമാറിയെന്ന പരാതിയിൽ സഹകരണ ഹൗസിങ് സൊസൈറ്റിക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധി. നീലേശ്വരം കൊട്രച്ചാലിലെ യു. മധുസൂദനൻ ഗോപാൽ നൽകിയ പരാതിയിലാണ് നീലേശ്വരത്തെ കാസർകോട് ജില്ല സഹകരണ ഹൗസിങ് സൊസൈറ്റിക്കെതിരെ ഉത്തരവ്. പരാതിക്കാരൻ സൊസൈറ്റി വഴി പത്തര ലക്ഷം രൂപ നൽകി 12 സെൻറ് ഭൂമി വാങ്ങിയിരുന്നു. കൈവശ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസറെ സമീപിച്ചപ്പോഴാണ്, വസ്തുവിലെ ആറര സെൻറ് ഭൂമി പരിസ്ഥിതി ലോല വിഭാഗത്തിെൻറ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് മനസ്സിലായത്. എന്നാൽ, ഇക്കാര്യം മറച്ചുവെച്ച് ഭൂമി വിൽക്കുകയായിരുന്നുവെന്നാണ് പരാതിക്കാരൻ വാദിച്ചത്.
2014ൽ സൊസൈറ്റി അധികൃതർ കൈമാറിയ കൈവശ സർട്ടിഫിക്കറ്റിൽ 'തോട്ടഭൂമി' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് പരാതിക്കാരൻ കൈവശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയപ്പോഴാണ് കുരുക്ക് മനസ്സിലായത്. ഭൂമി തരംമാറ്റാതെ നിർമാണപ്രവർത്തനം സാധ്യമല്ലെന്ന സ്ഥിതി വന്നു.
ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ഇതിന് വേണ്ടിവരും. ഇങ്ങനെ എട്ടു വർഷത്തോളം വീടുവെക്കാൻ സാധിക്കാതെവന്ന സാഹചര്യത്തിലാണ് ഫോറത്തെ സമീപിച്ചത്. സൊസൈറ്റിയുടെ വാദങ്ങൾ ഫോറം തള്ളി. പ്രസ്തുത ഭൂമിയിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെടുന്ന ഭൂമി സൊസൈറ്റി സ്വന്തം ചെലവിൽ തരംമാറ്റി നൽകണമെന്നാണ് ഉത്തരവ്.
അല്ലെങ്കിൽ ഭൂമി തിരിച്ചെടുത്ത് പരാതിക്കാരന് രജിസ്ട്രേഷൻ ചെലവുകൾ ഉൾെപ്പടെ മടക്കിനൽകണം. 30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും അനുവദിച്ചു. പരാതിക്കാരനുവേണ്ടി അഡ്വ. ഷാജിദ് കമ്മാടം ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.