കോവിഡിനെതിരെ അധ്യാപകർ പോരാളികളായി മുന്നിട്ടിറങ്ങണം– കെ.എസ്.ടി.എ
text_fieldsകാസർകോട്: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം അതിതീവ്രമായ സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനത്തിലും ബോധവത്കരണത്തിലും മുഴുവൻ അധ്യാപകരും സജീവ പങ്കാളികളാകണമെന്ന് കെ.എസ്.ടി.എ ജില്ല കമ്മിറ്റി. ജില്ല ഒറ്റക്കെട്ടായി കൈകോർത്തതിലൂടെയാണ് ഒന്നാംഘട്ട കോവിഡ് പ്രതിരോധം ശക്തമായത്.
അതിലൂടെ രോഗവ്യാപനവും മരണനിരക്കും കുറക്കാനും കഴിഞ്ഞു. ഈ ഘട്ടം അതിനിർണായകമാണ്. സന്നദ്ധ പ്രവർത്തകരുടെ സേവനം അനിവാര്യമായ ഈ അവസ്ഥയിൽ അധ്യാപകർ സ്വയം സന്നദ്ധ പോരാളികളായി മുന്നിട്ടിറങ്ങി പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. അധ്യാപകർ താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പൽ ഓഫിസുകളിൽ സ്വയം പേര് രജിസ്റ്റർ ചെയ്ത്, മാഷ് പദ്ധതി, ജാഗ്രത സമിതി എന്നിവയുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
അതോടൊപ്പം വിദ്യാർഥികളിലും രക്ഷിതാക്കളിലും വാക്സിനേഷനെക്കുറിച്ച് ശാസ്ത്രീയ അവബോധം സൃഷ്ടിച്ച് സഹായ സംവിധാനങ്ങൾ ഒരുക്കും. ദുരന്തവേളകളിലും മഹാമാരിക്കാലത്തും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചിട്ടുള്ള അധ്യാപക സമൂഹം ഇക്കാര്യത്തിലും പ്രതിജ്ഞാബദ്ധരാണ്.
പൊതുസമൂഹത്തെ രോഗവ്യാപന ദുരിതത്തിൽനിന്ന് രക്ഷിക്കാൻ മനുഷ്യസാധ്യമായ ഇടപെടൽ നടത്താനുള്ള പോരാട്ടത്തിൽ മുഴുവൻ അധ്യാപകരും അണിനിരക്കണമെന്ന് ജില്ല കമ്മിറ്റി അഭ്യർഥിച്ചു. ജില്ല പ്രസിഡൻറ് എ.ആർ. വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാഘവൻ, സംസ്ഥാന നിർവാഹക സമിതി അംഗം സി.എം. മീനാകുമാരി, ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ കെ. ഹരിദാസ്, എൻ.കെ. ലസിത, ജില്ല ട്രഷറർ ടി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.