കാസർകോട്ടിലെ എൽ.ഡി.എഫ് പട്ടികയിൽ ബിരുദാനന്തര ബിരുദക്കാർ ഏറെ
text_fieldsകാസർകോട്: ഇടതുമുന്നണി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ ബിരുദാനന്തര ബിരുദമുൾപ്പെടെ യോഗ്യതയുള്ളവർ ഏറെ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയെന്ന് വിശേഷിപ്പിക്കുന്ന പി. ബേബി(46) മടിക്കൈ ഡിവിഷനിലാണ് മത്സരിക്കുന്നത്. ജന്തുശാസ്‌ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടി, ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയഷൻ ജില്ല സെക്രട്ടറിയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ്. രണ്ടുതവണ മടിക്കൈ പഞ്ചായത്ത് പ്രസിഡൻറും ഒരുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ്, മടിക്കൈ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ പദവികൾ വഹിക്കുന്നു. മടിക്കൈ കൂലോം റോഡിലാണ് താമസിക്കുന്നത്.
ചെറുവത്തൂരിൽ മത്സരിക്കുന്ന സി.ജെ. സജിത്ത് (38) ബിരുദധാരിയാണ്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു. വെസ്‌റ്റ് എളേരിയിലെ വരക്കാടാണ് താമസം. പുത്തിഗെ ഡിവിഷനിൽ മത്സരിക്കുന്ന ബി. വിജയകുമാർ (37) ബി.എ സോഷ്യോളജി ബിരുദധാരി. എൻമകജെ പഞ്ചായത്തിലെ കാട്ടുകുക്കെ സ്വദേശിയാണ്. കുമ്പള ഡിവിഷനിൽ മത്സരിക്കുന്ന ശാലിനി കുമ്പള (52) കേരള തുളു അക്കാദമിയിലും ജില്ല ലൈബ്രറി കൗൺസിലിലും അംഗമാണ്. കുമ്പള കോട്ടക്കാറാണ് താമസിക്കുന്നത്. കരിന്തളം ഡിവിഷനിൽ മത്സരിക്കുന്ന കെ. ശകുന്തള (54) ബിരുദം വരെ പഠിച്ചു. 10 വർഷം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ചീമേനി ചന്ദ്രവയലിലെ ബാങ്ക‌് റോഡിലാണ് താമസം.
കള്ളാറിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് എം സ്ഥാനാർഥി ഷിനോജ് ചാക്കോ (44) ബിരുദധാരിയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറാണ്. ഒടയഞ്ചാലിലാണ് താമസം.
ഉദുമയിൽ മത്സരിക്കുന്ന എം. ജമീല അധ്യാപികയാണ്. ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നാഷനൽ വിമൻസ് ലീഗ് ജില്ല പ്രസിഡൻറാണ്. കളനാട് കൊമ്പപാറ സ്വദേശി
ബേഡകത്ത് മത്സരിക്കുന്ന എസ്.എൻ. സരിത (34) വർക്കിങ് വിമൻസ് ഫോറം സംസ്ഥാന കമ്മിറ്റിയംഗമാണ്. സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവംഗം അഡ്വ. വി. സുരേഷ് ബാബുവിെൻറ ഭാര്യ.
മഞ്ചേശ്വരം ഡിവിഷനിൽ മത്സരിക്കുന്ന സാദിഖ് ചെറുഗോളി (31) ബിരുദംവരെ പഠിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റംഗമാണ്. ഉപ്പള ചെറുഗോളിയിലാണ് താമസം.
പെരിയ ഡിവിഷനിൽ മത്സരിക്കുന്ന ബി.എച്ച്. ഫാത്തിമത്ത് ഷംന (22) ബി.എ സാമ്പത്തിക ശാസ്‌ത്രം ബിരുദധാരി. മുന്നാട് പീപ്പിൾസ് കോളജ് ചെയർപേഴ്‌സനുമായിരുന്നു.
ദേലംപാടി ഡിവിഷനിൽ മത്സരിക്കുന്ന എ.പി. കുശലൻ (57) രണ്ട് തവണ ദേലംപാടി പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. സി.പി.എം കാറഡുക്ക ഏരിയ കമ്മിറ്റിയംഗം. എസ്.എസ്.എൽ.സി വരെ പഠിച്ചു. ദേലംപാടി പരപ്പ സ്വദേശിയാണ്.
ചിറ്റാരിക്കാൽ ഡിവിഷനിൽ മത്സരിക്കുന്ന അഡ്വ. പി. വേണുഗോപാൽ (56) ഡി.ഡി.എഫ് വെസ്‌റ്റ് എളേരി പഞ്ചായത്ത് അംഗമായും പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. എളേരിത്തട്ട് സ്വദേശിയാണ്.
പിലിക്കോട് ഡിവിഷനിൽ മത്സരിക്കുന്ന എം. മനു (30) നിർമാണ തൊഴിലാളിയാണ്. പ്ലസു വരെ പഠിച്ചു. ഫുട്ബാൾ താരം.
എടനീരിൽ മത്സരിക്കുന്ന സി. ജാനു(58 ) കേരള മഹിളസംഘം ജില്ല വൈസ് പ്രസിഡൻറാണ്. അംഗൻവാടി വർക്കറാണ്. മുള്ളേരിയ അടുക്കം സ്വദേശി.
വോർക്കാടിയിൽ മത്സരിക്കുന്ന പുഷ്‌പ ജയറാം (40) കേരള മഹിളസംഘം മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡൻറാണ്. പൈവളിഗെ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ബായിക്കട്ട സ്വദേശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.