തുലാം പിറന്നു; ചിലമ്പണിയാതെ ഉത്തരകേരളം
text_fieldsചെറുവത്തൂർ: തുലാം പിറന്നു. കാവുകളും കഴകങ്ങളും ക്ഷേത്രമുറ്റങ്ങളും തറവാടുകളും ഉണരേണ്ട കാലം. ചെണ്ടയുടെ ദ്രുതതാളത്തിനൊത്ത് ചിലമ്പിട്ട കാലുകൾ ദൈവത്തറകളിലൂന്നി മഞ്ഞക്കുറി വാരിയെറിഞ്ഞ് ഭക്തമാനസങ്ങളുടെ സങ്കടക്കണ്ണീരൊപ്പാൻ ദൈവങ്ങൾ വിണ്ണിലേക്കിറങ്ങിവരേണ്ട കാലം. പഞ്ഞമാസങ്ങളിലെ ദുരിത ജീവിതത്തിന് അറുതിവരുത്തി സാധാരണ ജീവിതത്തിലേക്ക് തെയ്യം കലാകാരന്മാരെ നടത്തിക്കുന്ന കാലം. എന്നാൽ, കോവിഡ് മഹാമാരിക്കുമുന്നിൽ തെയ്യങ്ങൾ പോലും പകച്ചുനിൽക്കുമ്പോൾ തെയ്യം കലാകാരന്മാരുടെ ജീവിതം വറുചട്ടിയിലേക്കുതന്നെ ആഴ്ന്നുപോവുകയാണ്. കോവിഡ് മഹാവ്യാധിക്കുമുന്നിൽ സർക്കാർ നിയന്ത്രണങ്ങൾ കർക്കശമാക്കിയതിനെ തുടർന്ന് ഇക്കുറി കളിയാട്ടമുണ്ടാവില്ലെന്നുറപ്പായി.
തെയ്യം കെട്ടാനും നടത്താനും 20 പേർക്ക് മാത്രം അവസരം നൽകിയ സാഹചര്യത്തിൽ കളിയാട്ടം നടത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ, ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത വിധം ഉത്തരകേരളത്തിലെ കളിയാട്ടക്കാവുകൾ ഉണരില്ല.ഉപാധികളുടെ അതിർവരമ്പ് തീർത്ത് തെയ്യത്തിനെത്തുന്ന വിശ്വാസികളെ തടയാനാവില്ല. ഒരു തെയ്യത്തിന് കോലധാരികളും സഹായികളും മാത്രം 20 പേരെങ്കിലും വേണം. ഒരുകളിയാട്ടക്കാവില്‍ കുറഞ്ഞത് നാലോ അഞ്ചോ തെയ്യങ്ങളെങ്കിലും കെട്ടിയാടേണ്ടി വരും. അപ്പോൾ 100 പേരെങ്കിലും ഇല്ലാതെ തെയ്യം കെട്ടിയാടിക്കാൻ സാധ്യമാവില്ലെന്നാണ് ഇതിനെ ഉപജീവനമാക്കിയവർ പറയുന്നത്.
കോവിഡ് തീര്‍ത്ത ജീവിത പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകൾ കനത്ത തിരിച്ചടിയായി. ഒരിടത്തുതന്നെ വിവിധ സമുദായക്കാർ കോലധാരികളായും വരും. കോലധാരിക്ക് പുറമെ മുഖത്തെഴുത്തുകാരന്‍, ചെണ്ടക്കാരന്‍, ആടയാഭരണങ്ങള്‍ ഒരുക്കുന്നവര്‍ എന്നിങ്ങനെ പത്തിലേറെപ്പേര്‍ ഓരോ സംഘത്തിലുമുണ്ടാകും. ഭക്തരുടെ സങ്കടങ്ങളും സന്തോഷങ്ങളും കേട്ടറിഞ്ഞ് ആശ്വസിപ്പിക്കുമ്പോള്‍ അവര്‍ നല്‍കുന്ന ദക്ഷിണകൂടിയാണ് തെയ്യക്കാരുടെ വരുമാനം. ഇരുപതുപേര്‍ മാത്രമെന്ന നിബന്ധനയില്‍ അതും നിലക്കും.
കോലക്കാരന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണം. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് നടത്തേണ്ട ഉത്തരവാദിത്തം കോലക്കാരനാണ്. എന്നാൽ, ഇതിെൻറ ചെലവും സ്വയം വഹിക്കണം. മുത്തപ്പന്‍ തെയ്യം മാത്രമേ നിലവിലെ നിർദേശപ്രകാരം 20 പേരെ പങ്കെടുപ്പിച്ച് കെട്ടിയാടിക്കാനാകൂ. തെയ്യം കെട്ടിയാടുന്നവർക്കും പാക്കേജുകൾ പ്രഖ്യാപിച്ചാലേ ഇത് ഉപജീവനമാക്കിയവർക്ക് അതിജീവിക്കാൻ കഴിയൂ. പള്ളിവാളേന്തി തിരുമുറ്റങ്ങളില്‍ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ ഉത്തരകേരളത്തിൽ ഇക്കുറി ഉണ്ടാവില്ലെന്നത് നാടിെൻറ നൊമ്പരമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.