കാസർകോട് മലയോരത്ത് രണ്ട് പാലങ്ങൾ നിർമിക്കും
text_fieldsനീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിനെയും കയ്യൂർ -ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ആദ്യപാലം തേജസ്വിനി പുഴക്ക് കുറുകെ ചെറിയാക്കരയെ കീഴ്മാലയുമായി ബന്ധിപ്പിക്കും. രണ്ടാമത്തെ പാലം പുലിയന്നൂരിനെ വടക്കെ പുലിയന്നൂരുമായി ബന്ധിപ്പിക്കും. രണ്ട് പാലങ്ങളുടെയും പൈലിങ്ങും ഡിസൈൻ വർക്കും പൂർത്തിയായി.
തൃക്കരിപ്പൂർ മണ്ഡലത്തെയും കാഞ്ഞങ്ങാട് മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും നാട്ടുകാർ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നതാണ്.
പുലിയന്നൂർ പാലത്തിെൻറ നീളം 114 മീറ്ററാണ്. ചെറിയാക്കര പാലം 135 മീറ്റർ നീളമുള്ളതാണ്. രണ്ട് പാലങ്ങളുടെയും വീതി മൂന്നര മീറ്റർ മാത്രമാണ്. ഒരേസമയം ഒരുവലിയ വാഹനത്തിനും ഒരുചെറിയ വാഹനത്തിനും മാത്രമേ പോകാൻ കഴിയുകയുള്ളു.
എം. രാജഗോപാലൻ എം.എൽ.എയുടെ ശ്രമഫലമായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. ഏഴര കോടി രൂപ വീതമാണ് ഇരു പാലങ്ങളുടെയും നിർമാണ ചെലവ്. നിർമാണ പദ്ധതി നിർദേശം നൽകിയതിനെ തുടർന്ന് എട്ടുലക്ഷം രൂപ വീതം പ്രാരംഭ പ്രവൃത്തിക്ക് അനുവദിച്ചിരുന്നു.
വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിനുമുമ്പ് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്മെൻറ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അനൂപ്, അസി. എൻജിനീയർ സുനിത, കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി, കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സലൻ, വൈസ് പ്രസിഡൻറ് ടി.പി. ശാന്ത എന്നിവർ നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ചു.
രണ്ട് റോഡുപാലങ്ങൾ വരുന്നതോടെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെയും കയ്യൂർ-ചീമേനി പഞ്ചായത്തിലെയും ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് പരിഹാരമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.