189 ഇടങ്ങളിൽ വിഡിയോഗ്രഫി, 99 ബൂത്തുകൾ പ്രശ്നബാധിതം
text_fieldsകാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 67 പ്രശ്നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും.സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് ജില്ലയിലെ 99 പോളിങ് ബൂത്തുകളെയാണ് പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ 32 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍, ഇവിടങ്ങളില്‍ വിഡിയോഗ്രാഫി ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന 67 ബൂത്തുകളില്‍ നിന്നുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം കലക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന് കണ്ട്രോള് റൂമില്‍നിന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിെൻറ നേതൃത്വത്തില്‍ വീക്ഷിക്കും. ഈ 99 പ്രശ്നബാധിത ബൂത്തുകളില്‍ 84 ബൂത്തുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലും എട്ട് ബൂത്തുകള്‍ വള്‍നറബ്ള്‍ വിഭാഗത്തിലും അവശേഷിക്കുന്നവ അതിര്‍ത്തി മേഖലയിലെ അതിജാഗ്രത ആവശ്യമുള്ള ബൂത്തുകളുമാണ്.
2015ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെയും സ്ഥാനാര്‍ഥി പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളെയുമാണ് ക്രിട്ടിക്കല്‍ ബൂത്തുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും 2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2019 മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പിലും അതിക്രമങ്ങള്‍ നടന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബൂത്തുകളെയാണ് വൾനറബ്ള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ, ജില്ല കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 പ്രശ്നബാധിത ബൂത്തുകളിലും സ്ഥാനാര്‍ഥികളുടെ സ്വന്തം ചെലവില്‍ ആവശ്യപ്പെട്ടിട്ടുള്ള 134 ബൂത്തുകളിലൂം വിഡിയോഗ്രഫി ഏര്‍പ്പെടുത്തും.
വോട്ടുയന്ത്രങ്ങള്‍ കമീഷന് ചെയ്തു; 13 വരെ സ്ട്രോങ് റൂമില്‍
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടുയന്ത്രങ്ങള്‍ കമീഷന് ചെയ്തു. ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് നടപടികള്‍ക്ക് കാസര്‍കോട് ഗവ. കോളജും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കിേൻറത് ദുര്‍ഗ ഹയര്‍സെക്കന്‍ഡറിയിലും മഞ്ചേശ്വരം ബ്ലോക്കിന് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബി.ആര്.എച്ച്.എച്ച്.എസ്.എസും പരപ്പ ബ്ലോക്കിന് പരപ്പ ജി.എച്ച്.എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്റു കോളജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് പ്രവര്‍ത്തന കേന്ദ്രമായി നിശ്ചയിച്ചത്.
രാവിലെ എട്ടു മുതല്‍ നടപടികള്‍ ആരംഭിച്ചു. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടുയന്ത്രങ്ങള്‍ പൊലീസ് അകമ്പടിയോടെയാണ്, ഓരോ പഞ്ചായത്തിനായും നിശ്ചയിച്ചിരുന്ന മുറികളിലേക്ക് എത്തിച്ചത്. റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥി അല്ലെങ്കില്‍ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് വോട്ടുയന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ചത്. അതിനുശേഷം സീല്‍ ചെയ്തു. ഇത് വീണ്ടും സ്ട്രോങ് റൂമിലേക്ക് മാറ്റി നടപടികള്‍ പൂര്‍ത്തീകരിച്ചു. 13ന് രാവിലെ പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന വേളയിലാണ് സ്ട്രോങ് റൂം തുറക്കുക. റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരിക്കും ഇത് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.