കാഞ്ഞങ്ങാട് മേഖലയിൽ വ്യാപക അക്രമം; നിരവധി പേർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പില്‍ വിജയത്തിനു പിന്നാലെ കാഞ്ഞങ്ങാട് മേഖലയിൽ വ്യാപക അക്രമം. പാർട്ടി ഓഫിസുകളും വീടുകളും ബൈക്കും തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു. അരയിയിൽ ബി.ജെ.പി ഓഫിസിനും വീടുകള്‍ക്കും നേരെ അക്രമം നടന്നു. ആഹ്ലാദ പ്രകടനവുമായി പോവുകയായിരുന്ന സി.പി.എം പ്രവർത്തകർ കാഞ്ഞങ്ങാട് അരയി കാര്‍ത്തികയിലെ കെ.ജി. മാരാർ സ്മാരക മന്ദിരവും അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരെയും ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു.
സുധീഷ് (26) , സുനില്‍ ബാബു (36) എന്നിവരെ ആക്രമിച്ചതായാണ് ആരോപണം. അരയി പാലക്കാലിലെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഓഫിസും അടിച്ചു തകര്‍ത്തു. നെല്ലിക്കാട്ടെ ഉമാനാഥ റാവുവിെൻറ മകള്‍ പ്രസന്നയുടെ വീടിന് നേരെയും അക്രമമുണ്ടായി. വീടിെൻറ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. നെല്ലിക്കാട് ഏഴാം വാര്‍ഡ് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന പി.വി. മാധവെൻറ വീട്ടിലേക്ക് പടക്കമെറിഞ്ഞു. മാധവെൻറ ഭാര്യ രജിമോള്‍ക്ക് (35) പരിക്കേറ്റു. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പാട്ടി വളപ്പിലെ ഉണ്ണികൃഷ്ണനെ വളഞ്ഞിട്ട് മര്‍ദിച്ചു. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.
പുതിയകോട്ട അളറായിയിലെ വിനയ് (18), അനീഷ് (21) എന്നിവരെ മർദനമേറ്റ പരിക്കുകളോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാണിക്കടവിലും പട്ടാക്കാലിലും വോട്ടർമാരെ അഭിവാദ്യം ചെയ്യാനെത്തിയ സ്ഥാനാർഥികളെയും സംഘത്തെയും മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതായി പരാതിയുണ്ട്. 35ാം വാർഡായ പട്ടാക്കാലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഫൗസിയ ഷെരീഫ്, ഞാണിക്കടവിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നജ്മ റാഫി എന്നിവർക്കും പ്രവർത്തകൻ ഖാലിദിനുമാണ് പരിക്കേറ്റത്.
ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിക്കാട്ട് വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.വി. സുജിത്തിെൻറ ആഹ്ലാദപ്രകടനത്തിനുനേരെ ബി.ജെ.പി പ്രവർത്തകർ അക്രമം നടത്തിയതായി സി.പി.എം ആരോപിച്ചു. സംഭവത്തിൽ യദുകൃഷ്ണൻ, ദീക്ഷിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അജാനൂർ പഞ്ചായത്ത് 18ാം വാർഡ് ലീഗ് സ്ഥാനാർഥിയുടെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയവർ കാറ്റാടിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദീപേഷിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായി സി.പി.എം ആരോപിച്ചു. ഗുരുതരമായി പരിക്കുപറ്റിയ ദീപേഷിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാക്കി യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം പ്രണവിനും മർദനമേറ്റു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയേതാടെ പൊലീസ് വിവിധ സ്ഥലങ്ങളിൽ പിക്കറ്റ് ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.