നീളൻ പര്യടനത്തിന്റെ ആത്മവിശ്വാസത്തിൽ ബാലകൃഷ്ണൻ
text_fieldsഅജാനൂർ: പഞ്ചായത്തിലെ തണ്ണോട്ട് ഗ്രാമത്തിൽ നിന്നാണ് ഇടത് മുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഷുവാനന്തര ദിവസത്തെ തുടക്കം. തണ്ണോട്ട് റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ മുറ്റത്ത് ഒരുക്കിയ വേദിയിൽ സ്ഥാനാർഥി എത്തുന്നതിനു മുമ്പേ സ്ഥലം എം.എൽ.എ ഇ. ചന്ദ്രശേഖരൻ പ്രസംഗം തുടങ്ങി.
പിന്നാലെ സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. രാജ്മോഹനൊപ്പം കാറിൽനിന്നും ഇറങ്ങിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. കാസർകോട് ലോക്സഭ മണ്ഡലത്തിൽ ഏറ്റവും ദീർഘമേറിയ പ്രചാരണം നടത്തിയ സ്ഥാനാർഥിയാണ് എം.വി. ബാലകൃഷ്ണൻ. 51ാമത്തെ ദിവസം. ഒരു നിയോജക മണ്ഡലത്തിൽ അഞ്ചാംതവണയാണ് എത്തുന്നത്. കണ്ടുമടുത്തില്ല എന്ന് തോന്നും വിധം ജനക്കൂട്ടവുമുണ്ട്. അതിനൊട്ട് ആവേശവും കാണാം.
‘ഒരു ബന്ധു മരിച്ച പ്രതീതിയായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. കാസർകോട് നഷ്ടപ്പെട്ടപ്പോൾ നമ്മൾ കരഞ്ഞു. ഈ നഷ്ടബോധവും കൈത്തെറ്റും പരിഹരിക്കാൻ സമയമായി. ഇത് നമ്മുടെ മണ്ഡലമാണ്. തിരിച്ചുപിടിച്ചേ മതിയാകൂ. അത് നമ്മൾ ചെയ്യും.’ ബാലകൃഷ്ണൻ പ്രസംഗം നിർത്തി അടുത്ത സ്വീകരണ കേന്ദ്രമായ വേലാശ്വരത്തേക്ക്.
അവിടെ ചിത്താരി ലോക്കൽ കമ്മിറ്റിയുടെ സ്വീകരണം. നൂറുകണക്കിനാളുകളുടെ സാന്നിധ്യം. കരിമരുന്നും വാദ്യ മേളവും കൊണ്ട് വരവേൽപ്. സ്ഥാനാർഥി എത്രത്തോളം ഹൃദയത്തിലേറിയിട്ടുണ്ട് എന്ന് വേദിയും സദസും പറഞ്ഞുതരും.
പ്രസംഗവേദിയിൽനിന്ന് ഇറങ്ങിയപ്പോൾ എം.വി. ബാലകൃഷ്ണനോട് ചോദിച്ചു. എങ്ങനെയുണ്ട് പ്രചാരണത്തിന്റെ അവസാന സ്ലോട്ട്? ആത്മവിശ്വാസത്തിന്റെ ആവേശത്തേരിലേറി അദ്ദേഹം പറഞ്ഞു: ‘അന്ന് പ്രചാരണത്തിന്റെ ആരംഭത്തിൽ ഞങ്ങൾ പറഞ്ഞു, 2019ൽ ഒരു കൈത്തെറ്റ് പറ്റിയെന്ന്. ഇന്ന് ജനങ്ങൾ തന്നെ പറയുന്നു, അത് കൈത്തെറ്റ് തന്നെയെന്ന്. ആര് എന്തൊക്കെ സർവേ നടത്തി യു.ഡി.എഫ് ജയിക്കുമെന്ന് പറഞ്ഞാലും അത് ജലരേഖയായി മാറും.
ഈ മണ്ഡലം ഞങ്ങൾ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. കാരണം ഇത് ഞങ്ങളുടെ, എൽ.ഡി.എഫിന്റെ മണ്ഡലമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഏതോ ഒരു ജോസഫ് ജയിക്കും എന്നായിരുന്നു സർേ്വ. ഫലം വന്നപ്പോൾ 23000 വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി എം. രാജഗോപാൽ വിജയിക്കുകയായിരുന്നു. അതാണ് സർവേ.
ജനകീയൻ എന്ന് അയാൾ പറഞ്ഞതുകൊണ്ട് കാര്യമില്ല. അഞ്ച് കൊല്ലത്തെ ജനകീയനല്ല, അമ്പത് കൊല്ലത്തെ ജനകീയനാണ് ഞാൻ’- ബാലകൃഷ്ണൻ പറഞ്ഞു. എം.വി.ബാലകൃഷ്ണന്റെ ആദ്യ രണ്ട് സ്വീകരണ കേന്ദ്രങ്ങളും ന്യൂനപക്ഷവിഭാഗങ്ങൾ തീരെയില്ലാത്ത കേന്ദ്രങ്ങളായിരുന്നു. അടുത്തത് മഡിയൻ ആണ്.
ഇടതിന്റെ ശക്തി കേന്ദ്രമല്ലാത്തതിന്റെ ആൾ അഭാവം അവിടെ കാണാം. എന്നാൽ കാറ്റിനനുസരിച്ച് തൂറ്റുകയെന്ന ചൊല്ല് അന്വർഥമാക്കി ബാലകൃഷ്ണൻ പ്രസംഗം തുടങ്ങി, അത് പുതിയ വിഷയത്തിലായിരുന്നു. ‘പൗരത്വ ഭേദഗതി പ്രശ്നത്തിൽ ഇന്നത്തെ എം.പി.എന്താണ് ചെയ്തത്. അദ്ദേഹം അതിനെ എതിർത്തിരുന്നുവോ? കാസർകോട് പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ പൗരത്വ നിയമത്തെ കുറിച്ച് ചോദിച്ചപ്പോൾ പൗരത്വ പ്രശ്നത്തെ കുറിച്ച് ചോദിക്കുന്നവർ വർഗീയ വാദികളാണ് എന്നാണ് പറഞ്ഞത്.
എൽ.ഡി.എഫിനെ ലോക്സഭയിലേക്ക് അയച്ചാൽ വിജയിപ്പിച്ച ജനങ്ങൾക്കുവേണ്ടി നിലകൊള്ളും എന്ന് ഉറപ്പുണ്ട്. ഈ ഉറപ്പാണ് എൽ.ഡി.എഫിന്റെ ഉറപ്പ്. അദ്ദേഹം പ്രസംഗം നിർത്തി അടുത്ത കേന്ദ്രമായ തുളുച്ചേരിയിലേക്ക്. അവിടെ പുതിയ പ്രസംഗ തന്ത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.