കാസർകോട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
text_fieldsബദിയടുക്ക: മഞ്ചേശ്വരം താലൂക്കിലെ എൻമകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍(പന്നിപ്പനി) രോഗം സ്ഥിരീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്.
രോഗവ്യാപനം തടയുന്നതിന് അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ. രമേന്ദ്രന്‍ അറിയിച്ചു.
വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം. അതേസമയം മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ല. നാഷനല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ഉന്മൂലനം ചെയ്യണം. കൂടാതെ പന്നികളുടെ അറവോ മാംസം വില്പനയോ പന്നികളെ കൊണ്ടുപോകാനോ പാടില്ല.
നശിപ്പിച്ച പന്നികളെ ശാസ്ത്രീയമായി സംസ്കരിക്കണം. ഇന്ത്യയില്‍ 2020ല്‍ ജനുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
കാട്ടുകുക്കെയുടെ 10 കിലോമീറ്റർ പരിധിയിൽ പന്നിമാംസത്തിന് മൂന്നു മാസത്തേക്ക് നിരോധനം
കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചി വില്പന മൂന്നു മാസത്തേക്ക് നിരോധിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജില്ല മൃഗസംരക്ഷണ ഓഫിസ് റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കും.
പൊലീസ്, റവന്യു തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പ് ഫയര്‍ ആൻഡ് റസ്ക്യൂ, റവന്യു തുടങ്ങിയ വകുപ്പുകള്‍ ആവശ്യമായ പിന്തുണ നല്‍കും. കാസര്‍കോട് ആര്.ഡി.ഒ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രോഗ പ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കോ ഇവിടെ നിന്നും പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്പന്നങ്ങള്, പന്നികളുടെ കാഷ്ഠം എന്നിവ കൊണ്ടു പോകുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ പൊലീസും ചെക്പോസ്റ്റ് കടന്നു വരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത്തും.
രോഗ പ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ അഗ്നി രക്ഷ സേന പ്രദേശം അണുവിമുക്തമാക്കും. രോഗ പ്രതിരോധത്തിനായി എത്തുന്ന റാപിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എൻമകജെ ഗ്രാമപഞ്ചായത്ത് ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.