എന്നു വരും ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം?
text_fieldsബദിയടുക്ക: ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം ഇതുവരെ യാഥാർഥ്യമായില്ല. കാലപ്പഴക്കം ചെന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അപകടങ്ങൾ പതിവായതോടെയാണ് പൊളിച്ചുനീക്കിയത്. എന്നാൽ, പൊളിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ടൗൺ വികസനത്തിന്റെ പേരിൽ ഒരു കോടി രൂപ സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും നീക്കിവെച്ചിരുന്നു.
എന്നാൽ, ഇതുപയോഗിക്കാനുള്ള ശ്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. പഞ്ചായത്ത് ഭരണസമിതിയും ഓരോ വർഷവും ബജറ്റിൽ ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടത്തെ കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും നടപടി മുന്നോട്ടുനീങ്ങുന്നില്ല. വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ബദിയടുക്ക. മെഡിക്കൽ കോളജ് വന്നതോടെ സ്ഥലത്തിന്റെ വില വർധിച്ചു. കൂടുതൽ സ്ഥാപനങ്ങൾ കടന്നുവരുകയാണ്. ജനത്തിരക്ക് ഏറിവരുകയാണ്. എന്നാൽ, നഗരത്തിന്റെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചിടത്തുതന്നെ കിടക്കുന്നു. കർണാടകയിലേക്കുള്ള പ്രധാന റോഡാണ് ബദിയടുക്ക റോഡ്.
പുത്തൂർ, വിട്ടൽ മേഖലയിലുണ്ടാകുന്ന വികസനവും ബദിയടുക്കയിലെ തിരക്ക് വർധിപ്പിക്കുന്നുണ്ട്. ജനപ്രവാഹം കൂടിക്കൊണ്ടിരിക്കുന്ന നഗരത്തിൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നഗരമധ്യത്തിലെ പ്രധാന വാണിജ്യ കേന്ദ്രവും യാത്രക്കാരുടെ പ്രധാന കേന്ദ്രവുമാണ്. കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ബദിയടുക്ക ടൗണിലേക്കാണ് ബസ് കയറാൻ എത്തുന്നത്. കൈക്കുഞ്ഞുമായി സ്ത്രീകളുൾപ്പെടെ ബസിനായി പൊരിവെയിലത്ത് നിൽക്കുന്നത് പതിവുകാഴ്ചയാണ്. സ്കൂൾ കുട്ടികൾ ഇരിപ്പിടം ഇല്ലാത്തതിനാൽ റോഡുവക്കിലാണ് ബസ് കാത്തുനിൽക്കുന്നത്.
കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡിന്റെ നിർമാണം ധ്രുതഗതിയിൽ മുന്നോട്ടുപോകുന്നുണ്ട്. വികസനത്തിന്റെ ഭാഗമായി തണൽമരങ്ങളെല്ലാം മുറിച്ചുമാറ്റുന്നു. ഇരിപ്പിട സ്ഥലമായ ബസ് സ്റ്റാൻഡും ഇല്ലാത്തത് യാത്രക്കാരെ ഇരട്ടി ദുരിതത്തിലാക്കുന്നു. അതേസമയം, ബദിയടുക്ക ടൗണിൽ എത്തുന്ന യാത്രക്കാരുടെ ആശങ്കയും മുറവിളിയും കാണുന്നുണ്ടെന്നും വരുന്ന ബജറ്റിൽ കെട്ടിടം നിർമിക്കുന്നതിന് പദ്ധതി ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.