വ്യാപാര സ്ഥാപനത്തിന് പിഴ; ബദിയടുക്ക പഞ്ചായത്ത് ഓഫിസിൽ സംഘട്ടനം,പരിക്കേറ്റവർ ചികിത്സ തേടി
text_fieldsബദിയടുക്ക: വ്യാപാരസ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കുവാന്‍ ചെന്ന വ്യാപാര സ്ഥാപന ഉടമയും പഞ്ചായത്ത് ജീവനക്കാരും തമ്മില്‍ കൈയാങ്കളി. പഞ്ചായത്ത് സെക്രട്ടറിയുടെ മര്‍ദനത്തിൽ പരിക്കേറ്റ നീര്ച്ചാല് മുകളിലെ ബസാറില്‍ മലഞ്ചരക്ക് കട നടത്തുന്ന ആലംപാടി സ്വദേശി അബ്ദുറഹ്മാന് (65), മകന് ഉസ്മാന് (24) എന്നിവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ മൂന്നുമാസമായി ഹരിതകർമസേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കിയില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി 10,000 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്കിയിരുന്നുവത്രെ. ഇക്കാര്യം അന്വേഷിക്കാന്‍ പഞ്ചായത്ത് ഓഫിസിലേക്ക് ചെന്ന വ്യാപാര സ്ഥാപന ഉടമയോടും മകനോടും പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും ചേര്‍ന്ന് അസഭ്യം പറഞ്ഞതായും മര്‍ദിക്കുകയും ചെയ്തതായി ആശുപത്രിയില്‍ കഴിയുന്ന അബ്ദുറഹ്മാന് പറഞ്ഞു.
മാത്രവുമല്ല, പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുവാന്‍ വരുന്ന ഹരിത കർമ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് മാസം ആരും തന്നെ വന്നിട്ടില്ലെന്നും ഇതിനിടയിലാണ് സെക്രട്ടറി പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതെന്നും പരിക്കേറ്റവർ പറഞ്ഞു. ഇത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് സെക്രട്ടറി തള്ളിയിട്ട് മർദിച്ചതെന്നും അബ്ദുറഹ്മാന് പറഞ്ഞു.
അതേസമയം, യുസര്‍ ഫീ നല്‍കാതെ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായും ഇത് അന്വേഷിക്കാൻ ഓഫിസിലെത്തിയ നീര്‍ച്ചാലിലെ വ്യാപാര സ്ഥാപന ഉടമയും മറ്റൊരാളും ചേര്‍ന്ന് ജീവനക്കാരോട് മോശമായ രീതിയില്‍ പെരുമാറുകയും കൈയേറ്റം ചെയ്തതായും പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രന് പറഞ്ഞു. പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ബിനു ജോണിന് മർദനമേറ്റു. തടയാന്‍ ചെന്ന ഡ്രൈവര്‍ അബ്ദുൽ ലത്തീഫിനും പരിക്കേറ്റു. പഞ്ചായത്ത് സെക്രട്ടറിയും മറ്റു ജീവനക്കാരും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് സെക്രട്ടറി ബദിയടുക്ക പൊലീസില്‍ പരാതി നല്കി. പഞ്ചായത്ത് ജീവനക്കാര്‍ക്ക് ജോലിയില്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10മുതല്‍ മുഴുവന്‍ ജീവനക്കാരും അവധിയെടുത്ത് ധർണ നടത്തുവാന്‍ തീരുമാനിച്ചതായും രണ്ട് മണിക്ക് പ്രത്യേക ഭരണസമിതി യോഗം ചേരുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.