മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം: തോട് പാട്ടത്തിനെടുക്കാനുള്ള നീക്കം സജീവം
text_fieldsബദിയടുക്ക: മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ തോട് പാട്ടത്തിനെടുക്കാനുള്ള നീക്കം സജീവമായി. ഇതിനായി ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ വിഷയം വീണ്ടും ഉൾപ്പെടുത്തി. പഞ്ചായത്തിൽ നിന്നും എൻ.ഒ.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഭരണസമിതിയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള രഹസ്യനീക്കങ്ങളാണ് നടക്കുന്നത്.
കെ.സി.എ പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമിച്ച സ്റ്റേഡിയത്തിനായി 1.09 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയും 32 സെൻറ് തോടും കൈയേറി ബദിയടുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോട് കേരള ക്രിക്കറ്റ് അസോസിയേഷനു കീഴിലാണ് സ്റ്റേഡിയം നിർമിച്ചത്. സ്റ്റേഡിയം നിർമിക്കുമ്പോൾ മണ്ണിട്ട് മൂടിയ തോട് ഉൾപ്പെടെയുള്ള സർക്കാർ പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ നീക്കം.
ഇക്കാര്യം ചർച്ച ചെയ്യാനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനും ഇക്കഴിഞ്ഞ ജൂൺ രണ്ടിന് നടന്ന ഭരണസമിതി യോഗത്തിൽ അജണ്ട വെച്ചെങ്കിലും ഭരണസമിതിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അജണ്ട മാറ്റിവെക്കുകയായിരുന്നു. മൂന്ന് എൽ.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്ക് വിയോജനക്കുറിപ്പും എഴുതിനൽകി. ബി.ജെ.പിയിലെ ഏഴ് അംഗങ്ങളും പാട്ടത്തിന് നൽകുന്നതിനെ എതിർത്തു.
യു.ഡി.എഫിലെ ഒമ്പത് അംഗങ്ങളിൽ ഒരാൾ യോഗത്തിൽ പങ്കടുത്തിരുന്നില്ല. മറ്റുള്ളവർ അജണ്ടക്ക് അനുകൂലമായി മൗനം പാലിച്ചു. എന്നാൽ തോട് പാട്ടത്തിന് നൽകാനുള്ള അജണ്ട 24 ന് നടക്കുന്ന ഭരണ സമിതി യോഗത്തിലെ അജണ്ടയായി വന്നതോടെ സംഭവം വീണ്ടും വിവാദത്തിന് വഴി തുറക്കുകയാണ്. 11ാമത്തെ അജണ്ടയായാണ് വിഷയം ഉൾപ്പെടുത്തിയിട്ടുള്ളത്. തോടുകളും പുഴകളും സംരക്ഷിക്കുന്ന ചുമതലയാണ് പഞ്ചായത്ത് സ്വീകരിക്കേണ്ടത്.
അതിനുപകരം നിയമലംഘനത്തിന് കൂട്ടുനിൽക്കാനാണ് ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങളുടെ നീക്കമെന്നാണ് ആരോപണം. ഇതിന്റെ ഗൗരവം കാണാതെ ഭരണ സമിതിയിലെ പ്രധാനികൾ തന്നെ രംഗത്തിറങ്ങി അജണ്ട പാസാക്കി എടുക്കാൻ അംഗങ്ങൾക്കിടയിൽ രഹസ്യ ചർച്ചകൾ നടത്തിവരുന്നതായും അറിയുന്നു. ഭരണസമിതിയുടെ പുതിയ നീക്കം ബദിയടുക്കയിൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
മണ്ണിട്ട് മൂടിയ സർക്കാർ പുറമ്പോക്ക് തോട് പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ പഞ്ചായത്ത് സെക്രട്ടറി നേരത്തെ ആരംഭിച്ചതാണ്. ഇതിന് ഒരുമാസത്തേക്ക് കോടതി സ്റ്റേ ലഭിച്ചതിനാലാണ് നടക്കാതെ പോയത്. ഗ്രൗണ്ടിന് നടുവിലൂടെ സുഗമമായി ഒഴുകിയിരുന്ന തോടാണ് മണ്ണിട്ട് നികത്തി സ്റ്റേഡിയം നിർമിച്ചത്.
വെള്ളമൊഴുകിപ്പോകാനായി തോടിന്റെ ഗതിമാറ്റി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമിച്ച സ്റ്റേഡിയത്തിനായി 1.09 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയും 32 സെൻറ് തോടും കൈയേറിയതായി മുൻ കലക്ടർ ഡോ.ഡി. സജിത്ബാബു സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സ്റ്റേഡിയം നിർമിച്ചത് പുറമ്പോക്ക് ഭൂമിയിലാണെന്ന വാർത്ത 2018 ൽ ‘മാധ്യമം’ വാർത്തയാക്കിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും നിരവധി ക്രമക്കേടുകൾ പുറത്തുവന്നതും. 5.6 മീറ്റർ വീതിയിലുള്ള തോട് കടന്നുപോകുന്ന 32 സെൻറ് ഭൂമി അനുമതിയില്ലാതെ മണ്ണിട്ട് നികത്തി വഴിതിരിച്ചുവിട്ടെന്ന് തെളിഞ്ഞതോടെ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 201 (4)ന്റെ ലംഘനമാണ് കെ.സി.എ നടത്തിയത്.
അതേസമയം ജൂൺ രണ്ടിന് നടന്ന ചർച്ചയിൽ ഇതു സംബന്ധിച്ച് പഠിക്കാനായി മാറ്റി വെച്ച അജണ്ടയാണ് 24 ന് നടക്കുന്ന ഭരണ സമിതി യോഗത്തിന്റെ പരിഗണനക്ക് അജണ്ടയായി ഉൾപ്പെടുത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ. രാജേന്ദ്രൻ ‘മാധ്യമ’ ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.