അഞ്ചുവയസ്സുകാരിയുടെ മരണം; ആശങ്കയുടെ രാപ്പകൽ; ഒടുവിൽ ആശ്വാസം
text_fieldsബദിയടുക്ക: കോവിഡിെൻറ പേരിൽ യാത്രാവിലക്ക് ഉൾപ്പെടെ ഏറെ പ്രയാസം നേരിടുന്നതിനിടെ നിപ സംശയത്തിൽ അഞ്ചുവയസ്സുകാരിയുടെ മരണവും കൂടി വന്നതോടെ ജില്ല നേരിട്ടത് ആശങ്കയുടെ രാപ്പകൽ. കുട്ടി മരിച്ചതുമുതൽ പുറത്തുവന്ന അഭ്യൂഹങ്ങളാണ് ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് വന്നതോടെ ഒഴിഞ്ഞുമാറിയത്.
നിപയെന്ന് ഉറപ്പിക്കാവുന്ന ലക്ഷണമൊന്നുമില്ലെങ്കിലും ചില സംശയങ്ങളുടെ പേരിലാണ് വിദഗ്ധ പരിശോധനക്ക് കുട്ടിയുടെ സ്രവം അയച്ചത്. പനി ബാധിച്ച് ബുധനാഴ്ച രാത്രിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടി മരിച്ചത്. പിറ്റേന്ന് തന്നെ ചെങ്കള പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപയെന്ന് ഉറപ്പിക്കുന്ന തരത്തിൽ ഗ്രാമപഞ്ചായത്തിൽ വാക്സിനേഷൻ ഉൾപ്പെടെയുള്ള എല്ലാവിധ ആൾക്കൂട്ടങ്ങളും വിലക്കി. ഹെൽത്ത് ഇൻസ്പെക്ടറുടേത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദരേഖയും പ്രചരിച്ചു. നിപയെന്ന് ഉറപ്പിക്കുന്ന തരത്തിൽ അനാവശ്യ പ്രചാരണങ്ങളുമുണ്ടായി. പരിസര പഞ്ചായത്തായ കുമ്പഡാജെ, ബദിയടുക്ക എന്നിവിടങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.
പഞ്ചായത്തുകൾ പൂർണമായും ആരോഗ്യ വകുപ്പിെൻറ നിരീക്ഷണത്തിലായി. ഗൾഫ് ഉൾപ്പെടെയുള്ള വിദേശത്ത് കഴിയുന്നവരുടെ ആശങ്കയുടെ വിളികൾക്കാണ് ജില്ല സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച വൈകീട്ട് കുട്ടിയുടെ ഖബറടക്കവും പ്രോേട്ടാകോൾ പാലിച്ചാണ് നടന്നത്. ഇതോടെ, നാട് ശരിക്കും മുൾമുനയിലായി. ഇത്തരം എല്ലാ അഭ്യൂഹങ്ങളുമാണ് വെള്ളിയാഴ്ച മാറിയത്. പിലാങ്കട്ട എടപ്പാറയിലെ മുഹമ്മദ് കുഞ്ഞി-മറിയമ്മ ദമ്പതികളുടെ മകള്‍ നജ ഫാത്തിമയാണ് പനി ബാധിച്ച് മരിച്ചത്.
ബദിയടുക്കയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുള്ളേരിയയിലെ ആശുപത്രിയിലും കുട്ടിയെ നേരത്തേ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍, തലച്ചോറിലേക്ക് കടക്കുന്ന രക്തധമനികളില്‍ വൈറസ്ബാധ കണ്ടെത്തുകയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍, മംഗളൂരുവിലേക്ക് പോകാനുള്ള സാങ്കേതിക തടസ്സം മൂലം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ രാത്രി അസുഖം മൂര്‍ച്ഛിക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.