ഇബ്രാഹിമിന്റെ അറസ്റ്റ്; ക്ഷേത്ര കവര്‍ച്ചകള്‍ക്ക് തുമ്പായി
text_fieldsബദിയടുക്ക: മാന്യ അയ്യപ്പഭജന മന്ദിരത്തിലെയും നെല്ലിക്കട്ട ഗുരുമന്ദിരത്തിലെയും കവര്‍ച്ചകള്‍ക്ക് പുറമെ എടനീര്‍, പൊയിനാച്ചി ക്ഷേത്രങ്ങളിലെ കവര്‍ച്ചകള്‍ക്കും തുമ്പായി. ഈ കവര്ച്ചകള്ക്കെല്ലാം പിന്നില്‍ ഒരേ സംഘം തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
അയ്യപ്പഭജന മന്ദിരത്തിലെയും ഗുരു മന്ദിരത്തിലെയും കവര്‍ച്ചകളുമായി ബന്ധപ്പെട്ട് കർണാടക കടബകളായി ഹൗസില്‍ ഇബ്രാഹിം കലന്തര്‍ എന്ന കെ. ഇബ്രാഹിമിനെ (42) ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലന്തറിനെ ചോദ്യം ചെയ്തപ്പോള്‍ എടനീര്‍ ക്ഷേത്രത്തിലും പൊയിനാച്ചി ധര്‍മ ശാസ്താ ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയത് താനുള്‍പ്പെടുന്ന സംഘമാണെന്ന് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഇബ്രാഹിം കലന്തര്‍ മാത്രമാണ് അറസ്റ്റിലായത്. കേസില്‍ വേറെയും പ്രതികളുണ്ട്. ഇവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നവംബര്‍ മൂന്നിന് പുലര്‍ച്ചയാണ് എടനീര്‍ മഠത്തിന് കീഴിലുള്ള വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഭണ്ഡാരം കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന ഏഴായിരത്തോളം രൂപയുമായി കടന്നുകളയുകയായിരുന്നു. നവംബര്‍ നാലിന് പുലര്‍ച്ചയാണ് പൊയിനാച്ചി ദേശീയപാതയോരത്തുള്ള ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശ്രീകോവില്‍, സേവാകൗണ്ടര്, ഓഫിസ് മുറി എന്നിവയുടെ പൂട്ട് തകര്‍ത്ത് 55000 രൂപയുടെ എട്ട് ഗ്രാം സ്വർണം, 10,000 രൂപയുടെ ഡി.വി.ആര്, ഭണ്ഡാരത്തില്‍നിന്ന് 5000 രൂപ എന്നിവയാണ് കവര്‍ന്നത്. ഈ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഇതേ ദിവസം പുലര്‍ച്ചയാണ് മാന്യ അയ്യപ്പഭജനമന്ദിരത്തിലും നെല്ലിക്കട്ട ഗുരുമന്ദിരത്തിലും കവര്‍ച്ച നടത്തിയത്. അയ്യപ്പഭജനമന്ദിരത്തിന്റെ ഇരുമ്പുഗേറ്റിന്റെയും ശ്രീകോവിലിന്റെയും പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ നാലരലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന അയ്യപ്പന്റെ വെള്ളിയില്‍ തീര്‍ത്ത ഛായാഫലകവും അതിന്മേല് ചാര്‍ത്തിയ അരകിലോഗ്രാം തൂക്കമുള്ള വെള്ളിയില്‍ തീര്‍ത്ത രുദ്രാക്ഷമാലയും ഇതിലുള്ള രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റുമാണ് കവര്‍ന്നത്. ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. അയ്യപ്പഭജനമന്ദിരത്തിന് സമീപം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു കവര്‍ച്ച.
ചെര്‍ക്കള- കല്ലടുക്ക സംസ്ഥാനപാതയോരത്തെ നെല്ലിക്കട്ട ഗുരുമന്ദിരത്തിലെ ശ്രീകോവിലിന്റെയും ഓഫിസിന്റെയും പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. കർണാടക ബണ്ട്വാളിലെ ക്ഷേത്രം, മടിക്കേരിയിലെ ബാങ്ക്, കുശാൽ നഗറിലെ വീട് എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതും ഇബ്രാഹിം കലന്തര്‍ അടങ്ങുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഈ സംഘത്തില്‍പ്പെട്ട മംഗളൂരു കൊടിയുള്ളാളിലെ ഫൈസല്‍ മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാൻഡില്‍ കഴിയുകയാണ്. തുങ്കൂര്‍ കച്ചേരി മൊഹല്ലയിലെ സയിദ് അമാനും ഫൈസലിനൊപ്പം മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.