ഇവിടെ സേവനമല്ല, ഉപദ്രവം! വരുമാന സർട്ടിഫിക്കറ്റിന് കടുംപിടിത്തം
text_fieldsബദിയടുക്ക: സമയത്തിന് വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ല, പഞ്ചായത്തംഗം വില്ലേജ് ഓഫിസർക്കെതിരെ പരാതി. ബദിയടുക്ക പഞ്ചായത്ത് മെംബർ ഡി. ശങ്കരന് വരമാന സർട്ടിഫിക്കറ്റ് നൽകാനാണ് ബേള വില്ലേജ് ഓഫിസർ ശശി വിമുഖതകാട്ടിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് പഞ്ചായത്ത് മെംബർ വരുമാന സർട്ടിഫിക്കറ്റിന് ഓൺലൈൻവഴി അപേക്ഷ നൽകിയത്. എന്നാൽ, രേഖകൾ കുറവായതിനാൽ റിജക്ട് ചെയ്തു എന്ന് പറഞ്ഞ് ഫോണിൽ മെസേജ് വന്നു. വില്ലേജ് ഓഫിസിൽ പോയി കാര്യം തിരക്കിയപ്പോഴണ് തന്റെ പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ഓണറേറിയത്തിന്റെ രേഖ കാണിക്കാത്തതിനാലാണ് വരുമാന സർട്ടിഫിക്കറ്റ് റിജക്ട് ചെയ്തതെന്ന് അറിയുന്നത്. സാധാരയായി റിജക്ട് ചെയ്യുമ്പോൾ ഓഫിസുകളിൽനിന്ന് ഫോണിൽ വിളിച്ച് അറിയിക്കാറുണ്ട്. വ്യാഴാഴ്ച കൊടുക്കേണ്ട വരുമാന സർട്ടിഫിക്കറ്റ് ന്യായങ്ങൾ പറഞ്ഞ് തള്ളി നീക്കിയതാണെന്നാണ് പരാതി. മെംബർക്ക് സർക്കാർ നൽകുന്ന ഓണറേറിയം പറഞ്ഞുകൊടുത്തിട്ടും ബേള വില്ലേജ് ഓഫിസർക്ക് ബോധ്യപ്പെട്ടില്ലെന്ന കാരണത്താൽ വരുമാന സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും പരാതിയിൽ പറയുന്നത്.
രേഖകൾ കുറവുണ്ടെങ്കിൽ അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറിൽ വിളിച്ച് ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിക്കാറുണ്ട്. എന്നാൽ ഇത് ചോദിക്കാതെ അപേക്ഷ മടക്കിയയച്ചു എന്നാണ് പഞ്ചായത്തംഗം ആരോപിക്കുന്നത്. ബുധനാഴ്ച രേഖ സമർപ്പിക്കാൻ മെംബർ പഞ്ചായത്തിൽ എത്തിയെങ്കിലും സെക്രട്ടറി എത്തിയിരുന്നില്ല. ‘‘സർക്കാർ പ്രതിമാസം നൽകുന്ന തുകയെ കുറിച്ച് അറിയാൻ ഒരു പ്രയാസവുമില്ല, സെക്രട്ടറി വന്നാൽ ഞാൻ രേഖ കാണിക്കാം. വ്യാഴാഴ്ച കുട്ടിക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണന്ന് ബോധ്യപ്പെടുത്തിയെങ്കിലും വില്ലേജ് ഓഫിസർ നൽകാൻ തയാറായില്ല. ഒരു പഞ്ചായത്ത് മെംബറെ വട്ടംകറക്കുന്ന വില്ലേജ് ഓഫിസർ സാധാരണക്കാരെ എന്ത് ചെയ്യും’’-ശങ്കര ചോദിച്ചു. 25 വർഷമായി പഞ്ചായത്ത് ജനപ്രതിനിധിയായി ജനങ്ങളുടെ ഇടയിലുണ്ട്, ആദ്യമായാണ് ഇത്തരം അനുഭവമെന്നും ശങ്കര ‘മാധ്യമ’ത്തോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് റവന്യൂ അധികാരികൾക്കും പട്ടികജാതി വകുപ്പിനും പരാതി നൽകുമെന്നും ശങ്കര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.