ശാപമോക്ഷം തേടി ഇന്‍ഡോര്‍ സ്റ്റേഡിയം
text_fieldsബദിയടുക്ക: പണിതിട്ടും പണിതിട്ടും പണിതീരാത്ത സ്റ്റേഡിയം ബദിയടുക്കയിൽ നോക്കുകുത്തിയായി. പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണ് ഈ മെല്ലെപ്പോക്കിന് കാരണമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
അതേസമയം, ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക പഞ്ചായത്ത് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള മാർച്ച് തിങ്കളാഴ്ച നടക്കും.
ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതു കാരണം നിർമാണപ്രവൃത്തി വർഷങ്ങൾ നീണ്ടു. ഇപ്പോൾ ശാപമോക്ഷം കാത്തുനിൽക്കുകയാണ് ബദിയടുക്ക ബോളുക്കട്ടയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം. കമ്പനികളെ കിട്ടാത്തതിനാല്‍ പണം നീക്കിവെച്ചിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാനായില്ല.
സിന്തറ്റിക് ട്രാക്ക്, വയറിങ്, പ്ലംബിങ് എന്നിവക്കാണ് ഗവ. അംഗീകൃത കമ്പനികള്‍ക്ക് നല്‍കുന്നതിന് നാലുലക്ഷം രൂപ പദ്ധതിക്ക് നീക്കിവെച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നേരിട്ട് നടത്തുന്ന പ്രവൃത്തിക്കാണ് തുക നല്‍കുന്നതെന്ന് സൂചിപ്പിച്ചതിനാല്‍ ടെൻഡറാക്കി പദ്ധതി മാറ്റാന്‍ കഴിഞ്ഞതുമില്ല.
2015-16 സാമ്പത്തിക വര്‍ഷത്തിലാണ് 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. യുവജനങ്ങളില്‍ കായികാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം പണിയാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
ഗുണഭോക്തൃ വിഹിതമെടുത്ത് നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതിനടത്തിപ്പിന്റെ കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നതിനാല്‍ പഞ്ചായത്ത് ടെൻഡര്‍ നല്‍കിയാണ് പ്രവര്‍ത്തനമാരംഭിച്ചത്.
പ്രവൃത്തിയിൽ കൃത്രിമത്വ പരാതി ഉയർന്നതോടെ അന്വേഷണ ഫയലുകൾ വിജിലൻസ് ഏറ്റെടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുനേരെ നടപടിയുമുണ്ടായി. എന്നാൽ, നിലവിൽ വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.
നിയമാവലി തയാറാക്കി ക്ലബുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ നിശ്ചിത തുക ഈടാക്കി വര്‍ഷംതോറും കരാറടിസ്ഥാനത്തില്‍ നല്‍കാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ പലതു പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതെ സ്റ്റേഡിയം കാഴ്ചവസ്തുവായത് കായിക പ്രേമികളിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.
അതേസമയം, 2023-24 സാമ്പത്തിക വർഷത്തിൽ പ്രവൃത്തി പൂർത്തീകരണത്തിനായി 10 ലക്ഷം രൂപ നീക്കിവെച്ചിരുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രവൃത്തി നീളാൻ കാരണമെന്നും ഉടനെ പൂർത്തീകരിച്ച് യുവാക്കൾക്ക് തുറന്നുകൊടുക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.