പണിതിട്ടും പണിതിട്ടും പണിതീരാത്ത മെഡിക്കൽ കോളജ്
text_fieldsബദിയഡുക്ക: പ്രവൃത്തിയുടെ പത്താംവർഷത്തിലേക്ക് പ്രവേശിച്ച് കാസർകോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ പാതിവഴിയിൽ നിലച്ചും പുനരാരംഭിച്ചും ഇഴയുകയാണ് ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജ്.
ഏതാനും ഒ.പിയുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നിലവാരത്തിലാണ് കാസർകോടിന്റെ സ്വന്തം മെഡിക്കൽ കോളജ്. ഒപ്പം തുടങ്ങിയ കോളജുകളിൽനിന്ന് എം.ബി.ബി.എസ് ബിരുദധാരികൾ പുറത്തിറങ്ങുമ്പോഴും ഇവിടെ കെട്ടിടം പ്രവൃത്തിപോലും പൂർത്തിയായില്ല.
പ്രിൻസിപ്പലോ സൂപ്രണ്ടോ അതുമില്ല. 2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാറാണ് കാസർകോട്, മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചത്. 2013 നവംബർ 30ന് ഉമ്മൻ ചാണ്ടി കോളജിന് തറക്കല്ലുമിട്ടു. ആ ചടങ്ങ് കഴിഞ്ഞിട്ട് ബുധനാഴ്ച ഒമ്പതുവർഷം തികയും.
അക്കാദമിക് ബ്ലോക്ക് മാത്രമാണ് ഇത്രയും കാലമായിട്ടും ആകെ പൂർത്തീകരിച്ചത്. ഇവിടെ ഏതാനും ഒ.പികൾ താൽക്കാലികമായി പ്രവർത്തിക്കുകയാണ്. ഏറെ മുറവിളികൾക്കൊടുവിൽ ഈവർഷം ജനുവരി മൂന്നിനാണ് ഒ.പി തുടങ്ങിയത്. കാസർകോടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അവഗണനയുടെ ആഴം മനസ്സിലാവുക. 67 ഏക്കറിൽ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം. 28268.93 ലക്ഷം രൂപയാണ് അടങ്കൽ തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.