ബദിയടുക്കയിൽ ചെമ്മണ്ണ് മാഫിയകളെ തളക്കാൻ പൊലീസ്
text_fieldsബദിയടുക്ക: ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണ് മാഫികളെ തളക്കാൻ പൊലീസ് രംഗത്തിറങ്ങി. ഇവരുടെ ശല്യം വർധിച്ചതോടെയാണ് പൊലീസ് പിടികൂടാൻ തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ചെമ്മണ്ണ് കടത്തുന്ന പത്തോളം ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പൊലീസ് പിടികൂടി.
രാത്രിയും, പകലും വ്യാപകമായി കുന്നിടിച്ച് ടിപ്പർ ലോഡിന് വില പറഞ്ഞ് വ്യാപാരം നടത്തുന്ന മാഫിയ സംഘത്തിന് നേരെയാണ് പൊലീസ് കണ്ണ് തുറന്നത്. നേരത്തെ ഇത്തരത്തിൽ ചെമ്മണ്ണ് മാഫികൾക്ക് പൊലീസ് മൗനാനുവാദം നൽകുന്നതായി പരാതി ഉയർന്നിരുന്നു. എന്നാൽ സ്റ്റേഷനിൽ പുതുതായി എത്തിയ ഹൗസ് ഒഫിസറും, എസ്.ഐയും നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ചതോടെ നേരത്തെ രക്ഷപ്പെട്ട എല്ലാവരും കുടുങ്ങി.
പരിസ്ഥിതിയെ വെല്ലുവിളിച്ച് നടത്തുന്ന കുന്നിടിക്കലിനെ പിടിക്കേണ്ട റവന്യൂ, ജിയോളജി അധികൃതർക്ക് പിടികൊടുക്കാതെ രാത്രികളിലും അവധി ദിവസങ്ങളിലുമാണ് ചെമ്മണ്ണ് മാഫിയ സംഘം പ്രവർത്തിക്കുന്നത്. സ്വന്തം സ്ഥലത്തിൽ നിന്നും കൃഷി, വീടിന്റെ തറ നിറക്കൽ എന്നിവ ബോധ്യപ്പെടുത്തിയാൽ ലഭിക്കുന്ന ഇളവ് ദുരുപയോഗം ചെയ്താണ് മാഫിയ സംഘം കുന്നുകളിടിച്ച് നിരപ്പാക്കുന്നത്. കെട്ടിടം നിർമാണത്തിന്റെ പേരിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ആവശ്യത്തിനുള്ള ചെമണ്ണ് എടുക്കുന്നതിന് ഫീസ് അടച്ച് അനുമതിയെടുക്കണം.
പലരും ഇത്തരത്തിൽ അനുമതി വാങ്ങുന്നുമില്ല. ഭൂമാഫിയ സംഘം തുച്ഛമായ തുകക്ക് കുന്ന് വാങ്ങി നിരപ്പാക്കി കൂടിയവിലക്ക് സ്ഥലംമുറിച്ച് വിൽപന നടത്തുന്നതും പതിവാണ്. പൊലീസ് പിടികൂടുന്ന വാഹനം ജിയോളജി അധികൃതർക്കാണ് കൈമാറുന്നത്. റവന്യു ഉദ്യോഗസ്ഥർ പിടികൂടിയാൽ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ താലൂക്ക് വഴി എൽ.എ ഡെപ്യൂട്ടി കലക്ടറാണ് പണമടക്കാൻ ഉത്തരവ് ഇറക്കുന്നത്. മണ്ണ് മാന്തി യന്ത്രത്തിന് 25,000 രൂപയും, ടിപ്പർ ലോറിയുടെ കപ്പാസിറ്റി നോക്കി 10,000, 15,000 രൂപയുമാണ് പിഴ അടക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.