ബദിയടുക്കയിൽ കവർച്ച കൂടുന്നു
text_fieldsബദിയടുക്ക: ബദിയടുക്കയിൽ കവർച്ചകൾ കൂടിവരുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. നേരത്തേ നടന്ന പല കവർച്ചകൾക്കും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിയാത്തതാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. മാസങ്ങൾക്കു മുമ്പ് ബദിയടുക്ക ടൗണിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ കടയുടമ തന്നെ പൊലീസിന് പിടിച്ചുകൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
ബദിയടുക്ക, നീർച്ചാൽ ടൗണിൽ കടകൾ കുത്തിത്തുറന്ന് നിരവധി കവർച്ച നടന്നിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
തുടർന്ന് പൊലീസിന് അന്വേഷണം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ട്യത്തടുക്ക ഗുണാജെ നാരായണ ഷെട്ടിയുടെ വീടിനടുത്ത ഷെഡിൽനിന്ന് 25,000 രൂപ വിലയുള്ള ഇൻവെർട്ടറും 18,000 രൂപയുടെ കുഴൽക്കിണർ മോട്ടോറും കവർന്നു.
മുണ്ട്യത്തടുക്കയിലെ അഷ്റഫിന്റെ വീട്ടുമുറ്റത്തുനിന്നും അടക്ക, പാർക്ക് ചെയ്ത റിക്ഷയുടെ ബാറ്ററി എന്നിവയാണ് കവർന്നത്. തൊട്ടടുത്ത പത്മയുടെ മോട്ടോർ ഷെഡിൽനിന്ന് സ്റ്റെപ്പപ്, പ്രദേശത്തെ കാസിമിന്റെ വീടിന് പുറത്തുള്ള ഷെഡിൽ നിന്ന് അടക്ക, കശുവണ്ടി എന്നിവയും കളവുപോയിരുന്നു. കോഴി, ഗ്യാസ് കുറ്റി, പാത്രങ്ങൾ എന്നിവ പതിവായി ഈ പ്രദേശത്ത് കളവുപോകുന്നു. എന്നാൽ ഒരു കവർച്ചക്കും തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഒടുവിൽ നടന്ന ബദിയടുക്ക പള്ളത്തടുക്കയിലെ കവർച്ച സംഭവത്തിലെ പ്രതികളെ പിടികൂടാൻ പൊലീസിനു കഴിയുമോയെന്ന സജീവ ചർച്ചകളാണ് ജനങ്ങൾക്കിടയിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.