കൈമാറ്റത്തിനൊരുങ്ങി സായ്ഗ്രാമം വീടുകൾ
text_fieldsബദിയടുക്ക: എന്മകജെ ഗ്രാമ പഞ്ചായത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിർമിച്ച വീടുകൾ കൈമാറ്റത്തിന് ഒരുങ്ങി. ഒരുക്കങ്ങള്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ വിലയിരുത്തി. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഗുണഭോക്താക്കളുടെയും സായ്ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം ചേർന്നു. കലക്ടർ അധ്യക്ഷത വഹിച്ചു.
എന്മകജെ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി പദ്ധതി പ്രദേശത്തും വീടുകളിലും അവസാനഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വീടുകളിലും ജൽജീവന്‍ മിഷന് മുഖേന കുടിവെള്ള വിതരണം ഉറപ്പുവരുത്തി. ജലലഭ്യത ഉറപ്പാക്കാൻ പ്രത്യേകം വാട്ടർ ടാങ്ക് സ്ഥാപിച്ചു. സംസ്ഥാന വൈദ്യുതി ബോർഡ് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന് നല്കി. ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ പൂർണമായും ശുചീകരണം പൂര്‍ത്തിയാക്കിയ ഉടൻ താക്കോല്‍ കൈമാറുമെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ല ആശുപത്രി ഉള്‍പ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് മരുന്നുകള്‍ സൗജന്യമായി ലഭിച്ചു വരുന്ന ഗുണഭോക്താക്കള്‍ക്ക് സായ് ഗ്രാമത്തിലെത്തുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.സി.ടിവി കാമറ സജ്ജീകരിക്കാനും തെരുവുവിളക്കുകള്‍ ഒരുക്കാനും ജില്ല കലക്ടര്‍ നിർദേശം നല്കി. സുരക്ഷ ഉറപ്പാക്കാന്‍ ബദിയഡുക്ക പൊലീസ് നൈറ്റ് പട്രോളിങ് നടത്തിവരുന്നുണ്ട്. സായി ഗ്രാമത്തിൽ കുടുംബങ്ങൾ താമസം ആരംഭിച്ചശേഷവും പട്രോളിങ് തുടരും.
സംതൃപ്തി അറിയിച്ച് ശാന്തകുമാരി
സായ്ഗ്രാമത്തില്‍ എല്ലാം സൗകര്യങ്ങളുമുള്ള വീടാണ് നിർമിച്ചിട്ടുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളോടൊപ്പം അവിടെ സമാധാനമായി കാഴിയാന് സാധിക്കുമെന്നും കോടോംബേളൂര്‍ ഏഴാം മൈലിലെ ശാന്തകുമാരി പറഞ്ഞു.
എൻഡോസള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, സായ് ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ മധുസൂദനന്, മഞ്ചേശ്വരം തഹസില്‍ദാര്‍ ടി. സജി, എന്മകജെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. ഹംസ, എന്മകജെ വില്ലേജ് കേരള വാട്ടര്‍ അതോറിറ്റി ബോവിക്കാനം സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ ടി. ജയരാജ്, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രതിനിധി എ.കെ. രാജഗോപാല നായ്ക്, ബദിയടുക്ക പൊലീസ് സ്റ്റേഷന് എസ്.ഐ സി.എം തോമസ്, ഓഫീസര്‍ പി. അബ്ദുല്‍ഹമീദ്, കുടുംബശ്രീ ഡി.പി.എം കെ.വി ലിജിന്‍, സായിഗ്രാം പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗകര്യങ്ങൾ ഇങ്ങനെ
എൻമകജെ വില്ലേജിൽ നിർമിച്ച സായി ഗ്രാമത്തിൽ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി തിരിച്ച് നല്‍കിയിട്ടുണ്ട്. 500 ലിറ്റര്‍ സംഭരണ വാട്ടര്‍ടാങ്ക് വീടുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
ജൽജീവന്‍ മിഷന് എല്ലാ വീടുകളിലേക്കും കണക്ഷന് നല്കി. സിറ്റ് ഔട്ട്, ഹാള്‍, ഡബിള്‍ ബെഡ്റൂം, അറ്റാച്ച്ഡ് ബാത്ത്റൂം, അടുക്കള, പുകയില്ലാത്ത അടുപ്പ് എന്നീ സൗകര്യങ്ങളാണ് വീടുകളിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളായതിനാല്‍ വീല്‍ചെയറുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ള റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാ വീടുകളിലേക്കും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭവനരഹിരായഎൻഡോസൾഫാൻ ദുരിതബാധിതരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.