ബദിയടുക്കയിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം
text_fieldsബദിയടുക്ക: ബദിയടുക്കയിൽ സ്ത്രീകളുടെ മാലതട്ടിപ്പറിക്കുന്ന സംഘം വിലസുന്നു. വഴി യാത്രക്കാരായ സ്ത്രീകളെ നിരീക്ഷിച്ചാണ് കവർച്ച.
ഒരു വർഷത്തിനിടെ നിരവധി പരാതികൾ പൊലീസിനു ലഭിച്ചെങ്കിലും ഒന്നിൽ പോലും നടപടിയെടുത്തില്ല. നീർച്ചാൽ മല്ലടുക്ക, പള്ളത്തടുക്ക, ബാറുടുക്ക എന്നിവിടങ്ങളിൽനിന്ന് വഴിയാത്രക്കിടെ സ്ത്രീകളുടെ കഴുത്തിൽനിന്ന് മാല പറിച്ച സംഭവങ്ങൾ ഉണ്ടായി. ഈയിടെ ബദിയടുക്കയിലെ സർക്കാർ അരോഗ്യ കേന്ദ്ര പരിസരത്തുനിന്ന് സ്കൂൾ ടീച്ചറുടെ കഴുത്തിലെ മാല പൊട്ടിച്ചു. ചെന്നാർകട്ടയിലെ പ്രായമായ അമ്മയുടെ സ്വർണമാലയും നഷ്ടമായി. ഒന്നിനും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പൊലീസിന്റെ അന്വേഷണം വേണ്ടത്രയില്ലെന്നാണ് നാട്ടുകാരുടെ പരാതി. സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നിലവിലുള്ളവ പരിശോധനക്ക് വിധേയമാക്കണമെന്നുമാണ് ആവശ്യം. ബദിയടുക്ക, നീർചാൽ ടൗണിലെ കടകളിൽ കവർച്ചയും സാധാരണ സംഭവങ്ങളായി മാറി.
ഏതാനും മാസം മുമ്പ് ബദിയടുക്കയിലെ കടയിൽനിന്ന് കവർച്ച ചെയ്ത പ്രതി ടൗണിലെ രാത്രി കാവൽക്കാരനെ പരിക്കേൽപിച്ച് രക്ഷപ്പെടുകയായിരുന്നു. കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാനായി. അതേ കടയിൽ നേരത്തേ ജോലി ചെയ്തയാളായിരുന്നു പ്രതി. കവർച്ചകൾ നടക്കുന്നുവെന്നത് ശരിയാണെന്നും തെളിവുകൾ ഉണ്ടായാലേ പ്രതികളെ കണ്ടെത്താൻ കഴിയൂവെന്നും ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.