മുഖം മാറുമോ, ബദിയടുക്കയുടെ...
text_fieldsബദിയടുക്ക: ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ കാലാകാലങ്ങളായി പ്രഖ്യപിക്കുന്ന ബദിയടുക്ക നഗരവികസനം മരീചികയാണോ? ടൗണിൽ എല്ലാ വിധ സൗകര്യങ്ങളുമുള്ള ഒരു ബസ് സ്റ്റാൻഡ് ഇല്ല. റോഡിന്റെയും നടപ്പാതയുടെയും ഇടയിൽ നിർമാണ പ്രവൃത്തി നടത്തി മുഖംമിനുക്കി സ്റ്റാൻഡ് വികസിപ്പിച്ച് ആധുനിക നഗരമായി വളർത്തിയെടുക്കുകയെന്ന പദ്ധതി കടലാസിൽ തന്നെയാണ്. ജില്ലയിൽ അതിവേഗം വളരാൻ സാധ്യതയുള്ള നഗരമാണ് കർണാടകയോട് ചേർന്നു നിൽക്കുന്ന ബദിയടുക്ക. കർണാടകയിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് ജനങ്ങൾ ദിനംപ്രതി എത്തുന്നത് ബദിയടുക്ക ടൗണിലാണ്.
സർക്കാർ ഓഫിസുകളും, ഹയർസെക്കൻഡറി സ്കൂൾ, നാഷനൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ബദിയടുക്ക ടൗണിന്റെ മുഖച്ഛായക്ക് ആക്കംകൂട്ടി. എന്നാൽ ടൗണിന്റെ അടിസ്ഥാന വികസനം ഇല്ലാത്തത് പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പാർക്കിങ് സൗകര്യവും ട്രാഫിക് നിയന്ത്രണവുമില്ല, ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകളുടെ വളഞ്ഞ വഴി അപകട പതിവായി നടക്കുന്നു. തുളുനാടിന്റെ ആഴ്ച ചന്ത ബദിയടുക്ക ടൗണിലാണ്. ഇതിനും നിയന്ത്രണം ആവശ്യമാണ്. ഓട്ടോറിക്ഷകളുടെ സ്റ്റാൻഡുകൾ ട്രാഫിക് നിയന്ത്രണത്തിൽ വന്നില്ല. മറ്റു ടാക്സികൾക്കും നിയന്ത്രണം ഉണ്ടാവണമെന്നാണ് ആവശ്യം. ജനങ്ങൾക്ക് നടന്നു പോകേണ്ട പാത ചില സ്ഥാപനങ്ങൾ ചെമ്മണ്ണ് അടച്ച സ്ഥിതിയിലാണ്. ടൗണിന്റെ ബസ് സ്റ്റാൻഡ് മുതൽ അപ്പർ ബസാർ വരെ റോഡ് നിർമാണത്തിലെ വീതി കൂട്ടുന്നതിലും, ഡിവൈഡറുകളുടെ ചില അപാകതകളും ടൗൺ വികസനത്തിനായി പരിഹരിക്കേണ്ടതുണ്ട്. എല്ലാറ്റിനും വേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറക്കലാണ്. കുമ്പള -ബദിയടുക്ക - മുള്ളേരിയ റോഡ് പൂർത്തിയാകുന്നതോടെ ബദിയടുക്കയിൽ വികസനത്തിന്റെ വെള്ളിരേഖ തെളിഞ്ഞു. ഇനി ടൗൺ വികസനമാണ് സാധ്യമാക്കേണ്ടത്. റോഡ് നിർമാണം പൂർത്തിയായശേഷം ടൗണിന്റെ വികസനം സാധ്യമാക്കാമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.