ചെണ്ടത്തോടി പാലം അപകടത്തിൽ; ഭീതിയോടെ നാട്ടുകാർ
text_fieldsചെർക്കള: ചെങ്കള പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി ബണ്ടുംകുഴി പാലം അപകടത്തിൽ. കാലപ്പഴക്കാത്താൽ പാലം ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. കീഴ്ഭാഗത്തേക്ക് അമർന്നിരിക്കുന്ന പാലത്തിന്റെ അടിഭാഗം പൊട്ടിത്തുടങ്ങി. ഇരുമ്പുകമ്പി തുരുമ്പിച്ച് പുറത്തേക്ക് വന്നു. കോൺക്രീറ്റുകൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പാലമാണിത്.
വീതികുറഞ്ഞ പാലത്തിനുമുകളിൽകൂടി വാഹനസഞ്ചാരവുമുണ്ട്. വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിനു കുറുകെയുള്ള പാലത്തിന് കൈവരികളുമില്ല. കാലപ്പഴക്കത്താലുള്ള ബലക്ഷയത്തിനുപുറമെ വാഹനങ്ങൾ പ്രവേശിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. പാലം പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പുതിയ പാലം നിർമിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പുതിയ പാലം പണിത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.