ചെർക്കള ദേശീയപാത തകർച്ച; ഗതാഗത സ്തംഭനത്തിന് പരിഹാരമായില്ല
text_fieldsചെർക്കള: ചെർക്കളയിൽ മണ്ണിടിഞ്ഞ് ദേശീയപാതവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതമുടക്കം തുടരുന്നു. ഗതാഗതം മുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും മണ്ണിടിഞ്ഞുള്ള അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാത അധികൃതർക്ക് സാധിച്ചിട്ടില്ല. അശാസ്ത്രീമായ നിർമാണ പ്രവൃത്തിക്കെതിരെ കർമസമിതി ദേശിയപാത നിർമാണം തടഞ്ഞ് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
നിർമാണ കമ്പനിക്കാരുടെ അശാസ്ത്രീയ സമീപനമാണ് ഇതിനുകാരണമെന്ന് കർമസമിതി ആരോപിക്കുന്നു. പുതിയ മേൽപാലം കടന്നുപോകുന്നത് പഴയപാതക്ക് പുറത്തുകൂടി കുന്നിൻ ചെരിവിലൂടെയാണ്. ഈ സങ്കീർണത ഒഴിവാക്കികൊണ്ടാണ് ആദ്യ അലൈൻമെന്റ് ഉണ്ടാക്കിയത്. അതുപ്രകാരം മേൽപാലം ഇന്ദിരനഗറിൽനിന്ന് തുടങ്ങാനായിരുന്നു നിർദേശം. അവിടെനിന്ന് പാലം വളഞ്ഞുവന്നിരുന്നുവെങ്കിൽ സങ്കീർണമാകാതെ മണ്ണുനീക്കം ചെയ്ത് പാലം നിർമിച്ചാൽ മതിയായിരുന്നു.
പ്രസ്തുത അലൈൻമെന്റ് മാറ്റി പാലം നിർമാണ കമ്പനിയുടെ താൽപര്യാർഥം ചെർക്കള ടൗണിനോടുചേർന്നുള്ള പഞ്ചായത്ത് ഓഫിസിന്റെ മുന്നിൽനിന്ന് ആരംഭിച്ചു. ഇത് ചെർക്കള ഹയർസെക്കൻഡറി സ്കൂൾ, പഞ്ചായത്ത് ഓഫിസ്, ചെർക്കള മാർത്തോമ ബധിര വിദ്യാലയം എന്നിവിടങ്ങളിലേക്കുള്ള വഴിയും ദുർഘടമാക്കി. നിർമാണം തുടങ്ങിയപ്പോഴാണ് മേൽപാലത്തിന്റെ ഉയരം കുറഞ്ഞ കാര്യം അറിയുന്നത്.
ഇത് പരിഹരിക്കാൻ നിലം കുഴിക്കാൻ തുടങ്ങി. ഇത് ടൗണിലെ ഓവുചാൽ സംവിധാനം താറുമാറാക്കി. ഇതിന്റെ പിന്നാലെയാണ് മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയത്. റോഡ് ഇടിഞ്ഞ് താഴേക്കും പോയി. കുന്നിടിഞ്ഞ് റോഡിലേക്കും വീണു. 15 മീറ്ററോളം താഴ്ചയിലാണ് റോഡ് ഇടിഞ്ഞത്.
ദേശീയപാതയുടെ താഴേക്കുള്ള മണ്ണാണ് ഇടിഞ്ഞത്. ഇതുകാരണം മുകളിലൂടെ വലിയവാഹനങ്ങൾ കടന്നുപോകാൻ കഴിയാതായി. പാത വീതിയിലെടുക്കാൻ മുകളിൽ വീടുകളുള്ളതിനാൽ സാധ്യമല്ലാതായി. 15 ഓളം കുടുംബങ്ങളുടെ പൊതുവഴിയും നഷ്ടമായിട്ടുണ്ട്. ഈ പാതയും അപകട ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.