കാരുണ്യത്തിെൻറ കുടുക്കയുമായി ആദിത്യൻ
text_fieldsചെറുവത്തൂർ: കൊടുക്കുന്തോറും വളരുന്ന കുടുക്കയുമായി ആദിത്യൻ. കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടേയും കഥകൾ പത്ര-ദൃശ്യ മാധ്യമങ്ങളിൽ കാണുമ്പോൾ അവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി ഇറങ്ങിയത് ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ സി. സുജിത്ത്.
ആദിത്യെൻറ ആഗ്രഹത്തിന് രക്ഷിതാക്കളുടെ പിന്തുണയും ലഭിച്ചപ്പോൾ സഹായം പലരിലേക്കുമൊഴുകി. മിഠായി വാങ്ങിയും ആഘോഷങ്ങൾ നടത്തിയും പണം ദുരുപയോഗം ചെയ്യാതെ കുഞ്ഞിക്കുടുക്കയിൽ നിക്ഷേപിച്ചു.കഴിഞ്ഞ വർഷം ഒന്നാം പ്രളയസമയത്ത് ആദിത്യൻ തെൻറ കുടുക്ക പൊട്ടിച്ചു. കിട്ടിയ തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
പക്ഷെ, ആദിത്യൻ നിർത്തിയില്ല. പുതിയ കുടുക്കയിൽ നിക്ഷപം തുടങ്ങി. രണ്ടാം പ്രളയം വന്നപ്പോൾ വീണ്ടും കുടുക്ക പൊട്ടിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വഴി അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിച്ചു. ഇത്തവണ സ്വാതന്ത്ര്യദിനത്തിെൻറ അകമ്പടിയായി പ്രളയവും കോവിഡ് മഹാമാരിയുമെത്തിയപ്പോഴും ആദിത്യൻ വെറുതെ ഇരുന്നില്ല. വിദ്യാലയത്തിെൻറ ഓൺലൈൻ അസംബ്ലിയിൽ ആദിത്യൻ മൂന്നാമതും കുടുക്ക പൊട്ടിച്ച് തുക ഹെഡ്മാസ്റ്റർ സി. സുരേശൻ മാസ്റ്റർക്ക് കൈമാറി. പടന്നയിലെ സി. സുജിത്ത് കുമാർ-എം. ശ്രീജിന ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.