ഷവർമ കഴിച്ച് മരിച്ച ദേവനന്ദയുടെ വീട്ടിൽ നിയമസഭ സമിതിയംഗങ്ങൾ എത്തി
text_fieldsചെറുവത്തൂർ: ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച മട്ടലായിലെ ദേവനന്ദയുടെ വീട്ടിൽ നിയമസഭ സമിതി അംഗങ്ങൾ എത്തി കുടുംബത്തിൽനിന്ന് തെളിവെടുത്തു. എം.എൽ.എമാരായ കെ. പ്രേംകുമാർ, കുറുക്കോളി മൊയ്തീൻ, പ്രമോദ് നാരായണൻ എന്നിവരാണ് തെളിവെടുപ്പിന് എത്തിയത്.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ തെളിവെടുപ്പിനെത്തിയതായിരുന്നു സമിതി അംഗങ്ങൾ. ദേവനന്ദയുടെ അമ്മ, കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന് വിവരം ശേഖരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഭക്ഷ്യ വിഷബാധയേറ്റ് മരണം സംഭവിച്ചത് ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിതന്നെ സ്വീകരിക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കും. ജില്ലയിൽനിന്ന് ശേഖരിച്ച തെളിവുകൾ മുഖ്യമന്ത്രിക്കും നിയമസഭയിലും നൽകുമെന്നും അംഗങ്ങൾ പറഞ്ഞു.
കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിട്ടുണ്ടെന്ന് സമിതിക്കൊപ്പം എത്തിയ എം. രാജഗോപാലൻ എം.എൽ.എ പറഞ്ഞു. എ.ഡി.എം എ.കെ. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും മട്ടലായിലെ വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.