അവാർഡൊന്നും വിഷയമല്ല; രഞ്ജിത്ത് മാഷ് തിരക്കിലാണ്
text_fieldsചെറുവത്തൂർ: തുളുനാട് മാസിക ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ലഭിച്ചെന്ന വാർത്തയറിഞ്ഞപ്പോഴും രഞ്ജിത്ത് മാഷിന് ഭാവഭേദങ്ങളൊന്നുമില്ല. പകരം ഓരി നാട്ടിലെ വിവിധ ക്ലബുകളുടെ കോവിഡ് കാലത്തെ അതിജീവന പ്രവർത്തനങ്ങളിൽ പങ്കാളിയാണദ്ദേഹം. ചെറിയ നേട്ടങ്ങളിൽ അഹങ്കരിക്കുന്നവരുടെ ലോകത്ത് സ്വന്തം നേട്ടങ്ങൾ ആരോടും പറയാതെ നാട്ടിലെ പ്രവർത്തനങ്ങൾക്കൊപ്പം നീങ്ങുകയാണ് അവാർഡ് ദിനത്തിലും ഇദ്ദേഹം.
പ്രഫഷനൽ സോഷ്യൽ വർക്കറാണ് രഞ്ജിത്ത് ഓരി. ദാരിദ്ര്യ ലഘൂകരണം, കമ്യൂണിറ്റി െഡവലപ്മെൻറ്, പൊതുവിദ്യാലയ ശാക്തീകരണം, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലയിൽ സജീവമാണ്. കാസർകോട് ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്ററായും കണ്ണൂർ ജില്ല അസി. കോഓഡിനേറ്ററായും പ്രവർത്തിച്ചു. ഓരി ഹോപ് പാലിയേറ്റിവ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡൻറാണ്. സ്വന്തമായി രൂപപ്പെടുത്തി മലപ്പുറത്തെ കൊടിഞ്ഞി സ്കൂളിൽ നടപ്പാക്കിയ ക്ഷേമപദ്ധതിക്ക് അവാർഡ് ലഭിച്ചിരുന്നു. 2015ൽ ചെറുവത്തൂർ സബ് ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കായി നടപ്പാക്കിയ സ്നേഹത്തണൽ പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും മുഖ്യ പങ്കുവഹിച്ചു.
2008 മുതൽ സർക്കാർ സ്കൂളിൽ അധ്യാപകനാണ്. ഇപ്പോൾ കാസർകോട് ജില്ലയിലെ ആദൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ വർക്ക് അധ്യാപകനാണ്. അധ്യാപക പരിശീലകൻ, ജില്ല റിസോഴ്സ് ഗ്രൂപ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്, അംഗൻവാടി വർക്ക്ബുക്ക് നിർമാണം സംസ്ഥാന റിസോഴ്‌സ് പേഴ്സൻ, ഹയർ സെക്കൻഡറി അധ്യാപക പരിശീലനത്തിെൻറ മൊഡ്യൂൾ നിർമാണ സംസ്ഥാന റിസോഴ്‌സ് പേഴ്സൻ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്.
2015ൽ കാസർകോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ സെമിനാറുകൾ അവതരിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ശ്രമിച്ചു. 2004 മുതൽ വ്യക്തിത്വ വികസനം, ലീഡർഷിപ്, ലൈഫ് സ്കിൽ, കൗൺസലിങ്, മൈം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു. നന്മ ജീവികൾ പാർക്കുന്ന ഇടം, പരശുറാം എക്സ്പ്രസ്, അരൂപികൾ എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
2018ലെ കാതറീൻ ടീച്ചർ ദേശീയ കാവ്യപുരസ്കാരം, ഇൻറർ യൂനിവേഴ്സിറ്റി മൈം ഷോ, യൂനിവേഴ്സിറ്റി നാടകം, സ്കിറ്റ് ജേതാവ്, കണ്ണൂർ ജില്ല കലോത്സവം മികച്ച നടൻ എന്നീ നേട്ടങ്ങൾക്ക് ഉടമയാണ്. ഓരി വള്ളത്തോൾ വായനശാല, ഹോപ് പാലിയേറ്റിവ്, യങ് മെൻസ് ഓരി പ്രവർത്തകൻ എന്നീ നിലയിൽ സേവനം ചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.