സംഗീതാസ്വാദകരിൽ കുളിർമഴയായി പെയ്തിറങ്ങി ബാബു ഭായ്
text_fieldsചെറുവത്തൂർ: കോഴിക്കോട് മിഠായിത്തെരുവിന്റെ ഗായകൻ ബാബു ഭായ് പാടിത്തിമിർത്തപ്പോൾ സംഗീതത്തിന്റെ കുളിർമഴയിൽ നനഞ്ഞ് പിലിക്കോട്ടെ സംഗീത പ്രേമികൾ.
പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ ‘സ്വരം’ നൃത്ത സംഗീത ചിത്രകലാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവരാത്രി സംഗീതോത്സവമായ ‘വാഞ്ഛിത’ത്തിലാണ് ബാബു ഭായ് പാടിയത്. ഹാർമോണിയത്തിന്റെയും ദോലക്കിന്റെയും താളത്തിൽ ഭാര്യക്കും മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പമാണ് ബാബു ഭായ് പാടിയത്.
മഹാമാരിയും തെരുവ് വിലക്കുകളും ഒന്നിച്ചുവന്നപ്പോൾ ജീവിതം തന്നെ സംഗീതമാക്കിയ കുടുംബം തളർന്നുപോയിരുന്നു.
ജനിച്ച അന്നുമുതൽ മാതാപിതാക്കൾക്കൊപ്പം മിഠായി ത്തെരുവിൽ പാടിയും പിന്നീട് സ്വന്തം കുടുംബമായപ്പോൾ അവർക്കൊപ്പം പാടിയും, പാട്ടിഷ്ടപ്പെടുന്നവർ നൽകുന്ന സമ്മാനങ്ങൾകൊണ്ട് കുടുംബം പോറ്റുകയുമായിരുന്നു കഴിഞ്ഞ ഒന്നര വർഷം മുമ്പുവരെ ബാബു ഭായ്.
ജില്ല ഭരണകൂടം തന്റെ പാട്ടുകൾ തെരുവിൽ വിലക്കിയത് എന്തിനെന്നുപോലും ഈ പാട്ടുകാരനറിയില്ല. ജീവവായുവായ സംഗീതമില്ലാതെ ജീവിതമില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഈയൊരു സാഹചര്യം തിരിച്ചറിഞ്ഞാണ് പിഫാസോയുടെ സംഗീതോത്സവത്തിലേക്ക് ബാബു ഭായിയെ വീണ്ടും എത്തിച്ചത്.
രണ്ട് മണിക്കൂറിലധികം ബാബുഭായിയും കുടുംബവും ചേർന്ന് സംഗീതത്തിന്റെ പെരുമഴ തീർത്തു. സംഗീത പരിപാടിക്ക് മുമ്പായി നടന്ന ചടങ്ങിൽ പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു.
കലാമണ്ഡലം ജിഷ, ഷീബ ഈയ്യക്കാട്, രാധിക രാജൻ എന്നിവർ സംസാരിച്ചു. എം. അശ്വിനികുമാർ സ്വാഗതവും കെ.വി. രമേശ് നന്ദിയും പറഞ്ഞു. ബാബു ഭായിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.