ഉദ്യോഗാർത്ഥികളേ, ബാലൻ ഇവിടെയുണ്ടേ
text_fieldsചെറുവത്തൂർ: ഉദ്യോഗാർത്ഥികളേ, ബാലൻ ഇവിടെയുണ്ടേ. ചിട്ടയായ പരിശീലനം നൽകി നൂറ് കണക്കിന് ഉദ്യോഗാർത്ഥികളെ സർക്കാർ ജീവിതത്തിലേക്ക് എത്തിച്ച ബാലൻ പാലായി കോവിഡ് കാലത്തും കാലിക്കടവ് മൈതാനിയിലുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയാൽ പരിശീലനം പുനസ്ഥാപിക്കും. അതുവരെ സ്വന്തം പരിശീലനത്തിനായാണ് ബാലൻ പാലായി എത്തുന്നത്.
യൂനിഫോം തസ്തികകളിലേക്കുള്ള പി.എസ്.സി വിഞ്ജാപനം വന്നതോടെ നിരവധി സ്ഥലങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളുടെ വിളി തുടങ്ങിയെങ്കിലും, നിലവിലെ കോവിഡ് പ്രതിസന്ധികൾ കഴിയട്ടെയന്നാണ് ബാലൻ്റെ മറുപടി .കോവിഡിനെ തുടർന്ന് മറ്റുള്ളവർക്കുള്ള പരിശീലനം മുടങ്ങിയെങ്കിലും സ്വന്തം പരിശീലനത്തിന് ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല.
മകൻ ആശിഷുമൊത്ത് കാലിക്കടവ് മൈതാനിയിൽ നിന്നും നടക്കാവ് മൈതാനിയിൽ നിന്നും ദിവസേന രണ്ട് മണിക്കൂർ വീതം പരിശീലനം നടത്തുന്നുണ്ട്. അരിയാഹാരമില്ലാതെ ഇളനീർ മാത്രം കഴിച്ച് ദിവസേന കായിക പരിശീലനങ്ങളിൽ മുഴുകുന്ന ബാലകൃഷ്ണൻ പാലായിയുടെ ജീവിതം ഒരു പാoപുസ്തകമാണ്. മൂന്ന് ഇളനീരും പച്ചക്കറികളും മാത്രമാണ് നിത്യേനയുള്ള ആഹാരം.
റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ശേഷം പരിശീലകനായി മാറിയ ബാലൻ കഴിഞ്ഞ 8 വർഷമായി കാലിക്കടവ് മൈതാനിയിലെ നിറസാന്നിധ്യമാണ്.പൊലീസ്, വനിതാ പൊലീസ്, ബീറ്റ്ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ, കരസേന എന്നിവയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനമാണ് പ്രധാനമായും കാലിക്കടവിൽ നിന്നും നൽകുന്നത്.സമയമേറെയുണ്ടെങ്കിലും പരിശീലനത്തിനായ് വിളിക്കുന്നവരോട് ഒറ്റ വാക്ക് മാത്രം." കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞയുടൻ വന്നോളൂ; ഞാൻ കാലിക്കടവ് മൈതാനിയിൽ തന്നെയുണ്ടെന്നതാണ്".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.