ജലോത്സവത്തിനൊരുങ്ങി തേജസ്വിനി
text_fieldsചെറുവത്തൂർ: മലബാറിലെ വള്ളംകളി മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച് അച്ചാംതുരുത്തി പാലിച്ചോൻ ബോട്ട് ക്ലബ്. സ്വന്തം ഗ്രാമത്തിലെ തുഴച്ചിലുകാരുടെ കൈക്കരുത്തിലാണ് പാലിച്ചോൻ ടീം ജൈത്രയാത്ര തുടരുന്നത്. ചുരുളൻ വള്ളത്തിലാണ് 25 ആൾ തുഴയും മത്സരങ്ങളിൽ വിജയം എത്തിപ്പിടിക്കുന്നത്.
17ന് നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവത്തിനായി ഇവർ പരിശീലനം തകൃതിയാക്കി. വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും തുഴച്ചിൽ പരിശീലനത്തിനായി വൈകീട്ട് അഞ്ചരയോടെ അച്ചാംതുരുത്തി കടവിൽ ഒത്തുചേരും. തുടർന്ന് വിവിധ വള്ളങ്ങളിൽ ഒന്നര മണിക്കൂർ കഠിന പരിശീലനം നടത്തും. 100ഓളം തുഴച്ചിലുകാർക്ക് ഭക്ഷണമൊരുക്കി വിളമ്പാൻ നാട്ടുകാർ മത്സരമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2017ൽ നീറ്റിലിറക്കിയ 25 ആൾ തുഴയും വള്ളത്തിൽ ഇവരുടെ ടീം ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.
പത്തു വർഷം മുമ്പ് അച്ചാംതുരുത്തി ഗ്രാമത്തിൽനിന്ന് ഉദയം കൊണ്ട പാലിച്ചോൻ ടീം മഹാത്മാഗാന്ധി ട്രോഫിക്കായി സംഘടിപ്പിക്കുന്ന ഉത്തരമലബാർ ജലോത്സവത്തിലെ നിലവിലെ ചാമ്പ്യന്മാരാണ്. 2022ൽ വള്ളുവൻകടവ് മുത്തപ്പൻ ചാമ്പ്യൻഷിപ്, തളിപ്പറമ്പ് കുപ്പം മംഗലശേരി ചാമ്പ്യൻഷിപ്, തൃക്കരിപ്പൂർ മെട്ടമ്മൽ ബ്രദേഴ്സ് ജലോത്സവം, പഴയങ്ങാടി പുഴ ജലോത്സവം, ചാലിയാർ പുഴ ജലോത്സവം തുടങ്ങിയ മത്സരങ്ങളിലെല്ലാം ജേതാക്കളാണ്.
പാലിച്ചോൻ അച്ചാംതുരുത്തി 25 ആൾ തുഴയും പുരുഷന്മാരുടെ വള്ളംകളിയിൽ രണ്ടു ടീമുകളെയാണ് ഇറക്കുന്നത്. എ ടീമിൽ അമരത്ത് പി. മധുവും അണിയത്ത് ജിഷ്ണുവുമാണ്. ബി ടീമിൽ അമരത്ത് കെ.കെ. ദിനേശനും അണിയത്ത് പി. അതുൽ നാഥിനുമാണ് നിയന്ത്രണം. ഇത്തവണത്തെ ജലോത്സവത്തിൽ പുരുഷന്മാരിൽ 25 പേരുടെ 13 ടീമുകളും 15 പേർ തുഴയും മത്സരത്തിൽ 14 ടീമും വനിതകളുടെ 15 പേർ തുഴയും മത്സരത്തിൽ അച്ചാംതുരുത്തി പാലിച്ചോൻ ഉൾപ്പെടെ ഒമ്പത് ടീമുകളുമാണ് മഹാത്മ ട്രോഫിക്കായി ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.