വള്ളംകളി: സംഘാടകർക്ക് പിഴവ് പറ്റിയെന്ന് ടീമുകൾ
text_fieldsചെറുവത്തൂർ: ധർമടത്തു നടന്ന മലബാർ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ വിജയികളെ കണ്ടെത്തുന്നതിൽ സംഘാടകർക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം. പാലിച്ചോൻ അച്ചാംതുരുത്തി, എ.കെ.ജി മയിച്ച തുഴച്ചിൽ സംഘങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഏറ്റവും കുറവ് സമയത്തിൽ ഫിനിഷ് ചെയ്ത പാലിച്ചോൻ അച്ചാംതുരുത്തിയെ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കാതെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. ആദ്യ ഹീറ്റ്സിൽ മത്സരിച്ച ടീമുകളുടെ ഫിനിഷിങ് സമയം സാങ്കേതിക തകരാറും മൂലം തെറ്റായാണ് രേഖപ്പെടുത്തിയത്.
ടീമിന്റെ പ്രതിനിധികൾ പിശക് ചൂണ്ടിക്കാണിച്ചുവെങ്കിലും അവഗണിക്കുകയാണ് ചെയ്തതെന്ന് ഇവർ പറയുന്നു. മൊത്തം മത്സരത്തിൽ അഞ്ച് മിനിറ്റ് 35 സെക്കൻഡ് എന്ന ഏറ്റവും കുറവ് സമയത്തിൽ ഫിനിഷ് ചെയ്തത് പാലിച്ചോൻ അച്ചാംതുരുത്തിയാണ്. ഈ സമയം കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കിൽ, പാലിച്ചോൻ ബോട്ട് ക്ലബ്ബിന് ഫൈനൽ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കാൻ സാധിക്കുമായിരുന്നു. പ്രശ്നത്തിൽ ഇടപെടേണ്ട ബോട്ട് ക്ലബ് അസോസിയേഷൻ, വിജയിയായി പ്രഖ്യാപിച്ച ടീമിനുവേണ്ടി പക്ഷപാതപരമായി ഇടപെട്ടുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മത്സരത്തിന്റെ പ്രധാന സംഘാടകരായ ടൂറിസം വകുപ്പ് ലാഘവത്തോടെയാണ് മത്സരങ്ങൾ കൈകാര്യം ചെയ്തതെന്നും ഇവർ ആരോപിക്കുന്നു. പാലിച്ചോൻ ബോട്ട് ക്ലബ് പ്രസിഡൻറ് കെ.വി. കൃഷ്ണൻ, കോച്ചു മാരായ എം. നരേന്ദ്രൻ, കെ. വിജയൻ, പി. മധു, എൻ.കെ. കൃഷ്ണൻ, പി. സുധാകരൻ, ടി.വി. ശ്രീജിത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.