ഇവിടെ യാത്രക്കാർ ഒറ്റനിൽപാണ്; ചീമേനിയിൽ പേരിനുപോലുമില്ല ബസ് കാത്തിരിപ്പു കേന്ദ്രം
text_fieldsചെറുവത്തൂർ: ചീമേനി പട്ടണത്തിൽ പേരിനൊരു ബസ് കാത്തിരിപ്പു കേന്ദ്രമില്ല. വാഹന പാർക്കിങ്ങിനുപോലും സൗകര്യമില്ല. തലങ്ങും വിലങ്ങും വാഹനവുമായി ചീമേനി ടൗൺ വീർപ്പുമുട്ടുന്നു. വെയിലത്തും മഴയത്തും കടവരാന്തകൾ മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. ബസ് സ്റ്റാൻഡ് നിർമാണമാകട്ടെ ഇഴഞ്ഞുനീങ്ങുകയാണ്.
ചീമേനി ടൗണിൽ നാല് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണുള്ളത്. ഉണ്ടായിരുന്ന രണ്ടെണ്ണം റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടു വർഷം മുമ്പ് പൊളിച്ചുകളഞ്ഞു. പിന്നീട് നിർമിച്ചില്ല. ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലങ്ങളൊന്നുമില്ല. സൗകര്യംപോലെ ചെറുതും വലുതുമായ വാഹനങ്ങൾ കൊണ്ടിടുകയാണ് പതിവ്. അനുദിനം വികസിച്ചു വരുന്ന ചീമേനിയിൽ നിരവധി കച്ചവട സ്ഥാപനങ്ങളുണ്ട്. കെട്ടിട നിയമപ്രകാരം പാർക്കിങ് സ്ഥലം ഉണ്ടെങ്കിലും അവയെല്ലാം കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്.
കുട്ടികളടക്കം നിരവധി പേരാണ് മഴയത്തും വെയിലത്തും ബസ് കാത്തുനിൽക്കുന്നത്. ഇരിക്കാൻ സൗകര്യമില്ലാത്തതിനാൽ പ്രായമായവരുടെ കാര്യം ഏറെ കഷ്ടമാണ്. മൂന്ന് കോളജുകൾ, നിരവധി സ്കൂളുകൾ, ബാങ്ക്, സർക്കാർ ഓഫിസുകൾ എല്ലാം ചീമേനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളുമാണ് ചീമേനിയിൽ എത്തുന്നത്. ടൗണിലെ നാല് റോഡുകൾ കൂടുന്നിടത്ത് വേഗനിയന്ത്രണ സംവിധാനം ഒരുക്കണം. അപകടങ്ങൾ ഇവിടെ പതിവാണ്.
യാത്രക്കാർക്കായി താൽക്കാലിക കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയണമെന്നും ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കയ്യൂർ റോഡിൽ ബസ്സ്റ്റാൻഡിനായി പ്ലാൻറേഷൻ കോർപറേഷന്റെ കൈയിൽനിന്നും 2.47 ഏക്കർ ലഭിച്ചിട്ടുണ്ട്. തുടക്കത്തിൽ നിർമാണം ഗംഭീരമായി നടന്നെങ്കിലും ഇപ്പോൾ ഇഴയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.