പിടിച്ചു നിൽക്കാനായില്ല... ബാബു മാഷ് കൂലിപ്പണിക്ക് പോവുകയാണ്
text_fieldsചെറുവത്തൂർ: 22 വർഷത്തെ നൃത്തപരിചയം കൊണ്ടൊന്നും കോവിഡിനുമുന്നിൽ പിടിച്ചു നിൽക്കാനായില്ല. അന്നം മുടങ്ങാതിരിക്കാൻ നൃത്താധ്യാപകനായ ബാബു പിലിക്കോട് കൂലിത്തൊഴിലാളിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി വിദ്യാർഥികളെ എ ഗ്രേഡിലേക്കും ഗ്രേസ് മാർക്കിലേക്കും നയിച്ച് ശ്രദ്ധേയനായ ഈ കലാകാരനെയാണ് കോവിഡ് അന്നംമുട്ടിച്ചത്. സ്കൂൾ കലോത്സവങ്ങൾ, വാർഷികോത്സവങ്ങൾ എന്നിവക്കായി നൃത്തിയിനങ്ങൾ പരിശീലിപ്പിച്ചുവന്ന ഇദ്ദേഹം ഇപ്പോൾ ചമയങ്ങൾ അഴിച്ചുവെച്ച് കല്ല് ചുമലിലേറ്റി കടത്തുന്ന തൊഴിലിലാണ് ഏർപ്പെട്ടിട്ടുള്ളത്.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ തുടങ്ങി നൂറുകണക്കിന് ശിഷ്യ സമ്പത്തിനുടമയാണ്. കണ്ണൂർ, കാസർകോട് ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ സ്ഥിരം നൃത്ത പരിശീലകനുമാണ്. വിദേശത്തുനിന്ന് നല്ല ഓഫറുകൾ ലഭിച്ചിട്ടും കേരളത്തിെൻറ സ്കൂൾ കലോത്സവങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒഴിവാക്കുകയായിരുന്നു. സ്വന്തം പോലെ കരുതിയ പല വിദ്യാലയ അധികൃതരും ശിഷ്യരും ദുരിതകാലത്ത് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന പരിഭവം ബാബുവിനുണ്ട്. നൃത്തം ഉപജീവനമായി കൊണ്ടുനടക്കുന്ന കലാകുടുംബമാണ് ബാബുവിേന്റത്.
ഭരതനാട്യത്തിൽ പി.ജിയുള്ള ഭാര്യ ശ്രുതിയും മകനുമടങ്ങിയതാണ് കുടുംബം. ഒന്നരവർഷമായി കലാരംഗത്തുനിന്നും ഒരു വരുമാനവുമില്ല. തന്നെപ്പോലെ നിരവധി നൃത്താധ്യാപകരുണ്ട് ജില്ലയിൽ തന്നെ. സഹായിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ മാനസികമായി തകർന്ന നിലയിലാണ് പലരും. സർക്കാർ അനുവദിച്ച 2000 രൂപ മാത്രമായിരുന്നു ആകെ ലഭിച്ച സഹായം. ഓൺലൈൻ നൃത്ത ക്ലാസ് ആരംഭിച്ചുവെങ്കിലും വിജയത്തിൽ എത്തിയില്ല. കുട്ടികൾക്ക് ഓൺലൈൻ വഴി നൃത്തച്ചുവടുകളും മുദ്രകളും കൃത്യമായി സ്വായത്തമാക്കാൻ കഴിയില്ലെന്നതാണ് ബാബു പിലിക്കോടിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.