ചെറുവത്തൂരിൽ കന്നുകാലികൾക്ക് രോഗം പടരുന്നു
text_fieldsചെറുവത്തൂർ: രോഗകാരണം കണ്ടെത്താനായില്ല; ചെറുവത്തൂരിൽ കന്നുകാലികൾക്ക് രോഗം പടരുന്നു. ചെറുവത്തൂർ, കയ്യൂർ ചീമേനി, പിലിക്കോട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ തോതിൽ കന്നുകാലികൾക്ക് രോഗം ബാധിക്കുകയും 25ഓളം കന്നുകാലികൾ ചാവുകയും ചെയ്തു.
തളർന്ന് കിടപ്പിലാവുക, പാൽ ഉൽപാദനം കുറയുക, വർധിച്ച ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇതേതുടർന്ന് ക്ഷീരകർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് എം. രാജഗോപാലൻ എം.എൽ.എ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മാത്രം ഇരുനൂറോളം കന്നുകാലികൾക്ക് രോഗം ബാധിക്കുകയും 21 ഓളം കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് ഇതുവരെ രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ രോഗം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും രോഗം ഇപ്പോൾ ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും രോഗം ബാധിച്ച് കന്നുകാലികൾ നഷ്ടപ്പെട്ട കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാനും അടിയന്തര നടപടികളും വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടുള്ള ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീളയുടെ കത്തും എം.എല്‍.എ മന്ത്രിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.