ഭൂമി വിട്ടുകൊടുക്കൽ; ചീമേനി എസ്റ്റേറ്റ് മെലിയുന്നു
text_fieldsചെറുവത്തൂർ: ചീമേനിയിലെ പ്ലാന്റേഷൻ കോർപറേഷന് കീഴിലുള്ള ഭൂമി പതിച്ചുനൽകൽ പതിവായതോടെ എസ്റ്റേറ്റ് മെലിയുന്നു. നിരവധി സർക്കാർ പദ്ധതികൾക്കായി ഭൂമി വിട്ടു നൽകേണ്ടിവരുന്ന ജില്ലയിലെ പ്രധാന സ്ഥലമാണ് ചീമേനി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഏക്കർകണക്കിന് ഭൂമിയാണ് വിവിധ പദ്ധതികൾക്കായി വിട്ടു നൽകിയത്. 1977ൽ 99 വർഷത്തേക്ക് 4714 ഏക്കർ ഭൂമി കശുവണ്ടി കൃഷി നടത്താൻ റവന്യൂവകുപ്പിൽ നിന്ന് ലീസിനെടുത്തതാണ് ഈ സ്ഥലം.
ലീസിന് കിട്ടിയ ഭൂമിയെല്ലാം മറ്റ് പദ്ധതികൾക്കുവേണ്ടി വിട്ടുകൊടുക്കേണ്ട അവസ്ഥയാണ് എസ്റ്റേറ്റിനിപ്പോൾ. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതോടെയാണ് കോട്ടയം സ്വദേശി തോമസ് കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിൽനിന്ന് സർക്കാറിലേക്ക് ഭൂമി എത്തുന്നത്. 1977ൽ 99 വർഷത്തേക്കാണ് പ്ലാന്റേഷൻ കോർപറേഷന് റവന്യൂ വകുപ്പ് ഭൂമി പാട്ടത്തിന് നൽകുന്നത്. കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിന് കോർപറേഷൻ തിരിഞ്ഞതോടെ കശുവണ്ടിക്ക് പുറമേ റബർ കൃഷിയുമായി. 94 സ്ഥിരം തൊഴിലാളികളാണ് എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്.
പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫിസ്, ആയുർവേദ ആശുപത്രി എന്നിവ സ്ഥാപിക്കാനാണ് അഞ്ച് ഏക്കർ ഭൂമി എസ്റ്റേറ്റിൽനിന്ന് ആദ്യഘട്ടത്തിൽ പതിച്ചുകൊടുത്തത്. പിന്നീട് ചീമേനിയിൽ തുറന്ന ജയിൽ സ്ഥാപിക്കാൻ 308 ഏക്കർ ഭൂമിയും നൽകി. ഇതിന് പിന്നാലെ എത്തിയ ഐ.ടി പാർക്കിന് 100 ഏക്കറും നൽകി.
ഒടുവിൽ കൈവശ കർഷകരുടെ ആവശ്യം അംഗീകരിച്ചതോടെ 375 ഏക്കർ സ്ഥലം അവർക്കും പതിച്ചു നൽകി. ഇതോടെ ലീസിന് കിട്ടിയ ഭൂമിയിൽനിന്ന് 788 ഏക്കർ പോയി. 788 ഏക്കറും ഭൂമി പതിച്ചുനൽകിയതോടെ 4714 ഏക്കർ ഭൂമിയിൽനിന്ന് 3926 ഏക്കർ ഭൂമിയായി കോർപറേഷന്റെ എസ്റ്റേറ്റ് ചുരുങ്ങി. ഇതിനിടയിൽ വന്ന ഉത്തരവുപ്രകാരം 650 ഏക്കർ ഭൂമി ഭൂരഹിതരായ കർഷകർക്ക് മൂന്ന് സെന്റ് വീതം നൽകാൻ വിട്ടുകൊടുത്തു.
തൊട്ടുപിന്നാലെ 575 ഏക്കർ ഭൂമി സോളാർ പ്ലാന്റും 440 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കാനും വിട്ടുകൊടുത്തു. ഇതോടെ 3926 ഏക്കർ ഭൂമി വീണ്ടും 2701 ഏക്കറായി ചുരുങ്ങി. ദുരന്തനിവാരണ സേനക്ക് 50 ഏക്കർ, നാവിക അക്കാദമിയുടെ ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് പണിയാൻ 400 ഏക്കർ, താപനിലയത്തിനായി അളന്ന് തിട്ടപ്പെടുത്തി കണക്കാക്കിയ 250 ഏക്കർ ഇങ്ങനെ പോകുന്നു ഇനിയും വിട്ടുകൊടുക്കാനിരിക്കുന്ന സ്ഥലത്തിന്റെ കണക്കുകൾ.
ഭൂമി പതിച്ചു കൊടുക്കുന്നത് നിർബാധം തുടരുമ്പോഴും ജനോപകാരപ്രദമായ പദ്ധതികൾക്ക് ഭൂമി നൽകാൻ സങ്കേതിക കുരുക്ക് പറഞ്ഞ് അധികൃതർ തടസ്സം പറയുകയാണ്. ഗവ. കോളജ്, മെഡിക്കൽ കോളജ് എന്നിവയെല്ലാം ചീമേനിയിൽ വരുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്ക് പോകുന്ന കാഴ്ചയും കണ്ടു. 100 ഏക്കർ പതിച്ചു കൊടുത്ത് ഭൂമിയിൽ വരുമെന്നു പറഞ്ഞ ഐ.ടി പാർക്കും പോയി.
4714 ഏക്കർ ഭൂമിയിൽനിന്ന് 2000ത്തിൽ താഴെ ഏക്കർ ഭൂമിയായി ചീമേനി എസ്റ്റേറ്റ് മാറിയ സാഹചര്യത്തിൽ ഇനിയും പകുത്തു നൽകിയാൽ എസ്റ്റേറ്റ് ഇല്ലാതാവുമോ എന്ന ആശങ്കയിലാണ് ഇവിടത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.