മതിൽ സാക്ഷി; ചീമേനിക്ക് ഒരു പാർക്കുമില്ല
text_fieldsചെറുവത്തൂർ: ചീമേനിയിൽ ഐ.ടി പാർക്കും വ്യവസായ പാർക്കും നിർമാണം എങ്ങുമെത്തിയില്ല. കോടികൾ ചെലവഴിച്ച് നിർമിച്ച മതിൽ മാത്രം ബാക്കിയായി. ചീമേനിയിലെ പദ്ധതി പ്രദേശം നിലവിൽ കാടു മൂടിയ നിലയിലാണ്. ക്ഷുദ്രജീവകളുടെ വിഹാര ഭൂമിയായും സാമൂഹ്യ വിരുദ്ധരുടെ താവളവുമായും ഈ ഭാഗം മാറി.
ചുറ്റുമതിലിന്റെ കവാടം തകർത്ത് പകൽ സമയത്തു പോലും ഇവിടെ സാമൂഹികവിരുദ്ധർ വിലസുകയാണ്. ഐ.ടി പാർക്കിനു വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ തറയിലെ കോൺക്രീറ്റ് കമ്പികൾ തുരുമ്പെടുത്തു നശിക്കുകയാണ്. കെട്ടിടം നിർമിക്കാൻ കൊണ്ടുവന്ന ടൺ കണക്കിന് ഇരുമ്പു കമ്പികൾ കാടുകയറിയ നിലയിലാണ്.
2010 ലാണ് ചീമേനിയിൽ ഐ.ടി. പാർക്കിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ടത്. ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. ഐ.ടി പാർക്ക് നിർമിക്കുന്നതിന് 100 ഏക്കർ സ്ഥലത്ത് അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് നേരത്തെ ചുറ്റുമതിലും കെട്ടിട നിർമാണത്തിനുള്ള അടിത്തറയും നിർമിച്ചിരുന്നു.
എന്നാൽ, ഗ്രാമീണ മേഖലകളിൽ ഐ.ടി. പാർക്കുകൾക്ക് സാധ്യതയില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തദ്ദേശീയ ജനങ്ങൾക്ക് തൊഴിൽ ലഭിക്കും വിധം വ്യവസായ പാർക്ക് എന്ന ആശയം മുന്നോട്ടുവന്നത്.
ചീമേനി, പയ്യന്നൂർ റോഡിൽ അനുവദിച്ച 125 ഏക്കർ സ്ഥലത്ത് തന്നെയാണ് വ്യവസായ പാർക്ക് ഒരുക്കാൻ പദ്ധതിയിട്ടത്. ഐ .ടി. പാർക്കിന് വേണ്ടി ചുറ്റുമതിലടക്കമുള്ള പ്രവൃത്തി തുടങ്ങിയെങ്കിലും പാർക്ക് നഷ്ടമായതോടെയാണ് വ്യവസായ പാർക്കിന് വേണ്ടി ഈ സ്ഥലം കൈമാറാൻ ധാരണയായത്.
കഴിഞ്ഞ ബജറ്റിൽ 20 കോടി രൂപയുടെ ഭരണാനുമതി നിർദിഷ്ട വ്യവസായ പാർക്കിന് ലഭിച്ചിരുന്നു. ഐ.ടി. പാർക്കിന്റെ പ്രാഥമിക ഘട്ടത്തിന്റെ നിർമാണത്തിന് ചെലവായ അഞ്ചുകോടി രൂപ നൽകാൻ ധനകാര്യ വകുപ്പ് അനുമതി നൽകിയിരുന്നു.
ജില്ലയുടെ കാർഷിക മേഖലയുടെ അഭിവൃദ്ധി മുൻ നിർത്തിക്കൊണ്ടുള്ള പദ്ധതികളുമായാണ് ചീമേനിയിലേക്ക് വ്യവസായ പാർക്ക് ലക്ഷ്യമിട്ടത്. മാറി മാറി വന്ന സർക്കാറുകൾ കോടികണക്കിന് രൂപയുടെ പദ്ധതി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നും ചീമേനിക്കാർക്ക് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.