വിരിയുന്നു, പ്രതീക്ഷയുടെ ചെണ്ടുമല്ലി
text_fieldsചെറുവത്തുർ: ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷി ഒരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ സി.ഡി.എസുകള്‍. ഇത്തവണ പൂക്കളം തീര്‍ക്കാന്‍ കുടുംബശ്രീയുടെ ചെണ്ടുമല്ലിയും വിപണിയിലെത്തും. കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ 165 യൂനിറ്റുകളിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്. 20.5 ഏക്കര്‍ സ്ഥലത്താണ് പൂക്കള്‍ കൃഷി ചെയ്യുന്നത്.
പള്ളിക്കര, ചെമ്മനാട്, കുമ്പള, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ സി.ഡി.എസുകള്‍ക്ക് കീഴിലാണ് വിവിധയിടങ്ങളില്‍ ചെണ്ടുമല്ലികള്‍ കൃഷി ചെയ്യുന്നത്. കയ്യൂര്‍ ചീമേനി സി.ഡി.എസുകള്‍ക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യുന്നത്. 100 യൂനിറ്റുകള്‍ കയ്യൂര്‍ ചീമേനി സി.ഡി.എസുകളുടെ കീഴില്‍ കൃഷി ചെയ്യുന്നു. 10 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന യൂനിറ്റുകള്‍ ഉണ്ട്. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കളുടെ തൈകളും, വിത്തുകളും കൃഷിക്കായി ഉപയോഗിച്ചിരുന്നു. മഴക്കാല കൃഷി ആയതിനാല്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് പൂക്കളുടെ പരിചരണം.
കുടുംബശ്രീയുടെ ഓണച്ചന്തകള്‍ വഴി പൂക്കള്‍ വിപണിയിലെത്തിക്കും. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കള്‍ എത്തിക്കുന്നത്. എന്നാല്‍, ഇത്തവണ കുടുംബശ്രീയുടെ നാടന്‍ പൂക്കളും ഓണ വിപണിയില്‍ താരങ്ങളാകും.
ജൂണ്‍ ആദ്യവാരം തന്നെ പൂക്കള്‍ കൃഷി ചെയ്ത് തുടങ്ങിയിരുന്നു. പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ യൂനിറ്റുകള്‍ ഇത്തവണ കൃഷിക്കായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച വിളവ് നേടാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് യൂനിറ്റുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.